ലണ്ടന്‍: ലിവര്‍പൂള്‍ താരം പ്രതിരോധതാരം വിര്‍ജിന്‍ വാന്‍ ഡൈക്കിന് ട്രോള്‍ വര്‍ഷം. ഇന്നലെ ആഴ്‌സനലിനെതിരായ മത്സരത്തില്‍ വരുത്തിയ വന്‍ പിഴവാണ് ആരാധകരെ ചൊടിപ്പിച്ചത്. താരം പ്രതിരോധത്തില്‍ വരുത്തിയ പിഴവാണ് ആഴ്‌സനലിന് ഗോളും പിന്നാലെ വിജയവും സമ്മാനിച്ചത്. പ്രതിരോധ നിരയില്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് സഹതാരം ജോ ഗോമസിന് പാസ് നല്‍കുന്നതിനിടെ അലക്‌സാന്ദ്രേ ലക്കസാറ്റെ പന്ത് തട്ടിയെടുത്ത് ഗോള്‍ നേടുകയായിരുന്നു.

വാന്‍ ഡൈക്കിന്റെ മണ്ടത്തരമാണ് ഗോളില്‍ അവസാനിച്ചതെന്നാണ് ആരാധകരുടെ വാദം. ഒരു അസിസ്റ്റ് പോലെ വാന്‍ ഡൈക്ക് ലക്കസാറ്റെയ്ക്ക് പാസ് നല്‍കുകയായിരുവെന്നും ട്രോളര്‍മാര്‍ പരിഹാസത്തോടെ പറയുന്നു. നേരത്തെ റയല്‍ മാഡ്രിഡ് പ്രതിരോധതാരം സെര്‍ജിയോ റാമോസിനേക്കാള്‍ കേമനാണ് വാന്‍ ഡൈക്ക് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇനിയും അങ്ങനെ പറയുന്നതില്‍ അര്‍ത്ഥമെന്താണെന്നും ആരാധകര്‍ ചോദിക്കുന്നു. വീഡിയോ കാണാം... 

മത്സരത്തില്‍ 2-1നാണ് ലിവര്‍പൂള്‍ പരാജയപ്പെട്ടത്. ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ അലക്‌സാന്ദ്രേ ലക്കസാറ്റെ, റീസ് നെല്‍സണ്‍ എന്നിവരാണ് ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയത്. ലീഗില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കിരീടം നേരത്തെ ലിവര്‍പൂള്‍ ഉറപ്പിച്ചിരുന്നു.