ഗോള്‍ ബാറിനെ ഭേദിച്ച 600ല്‍ 491 ഗോളുകളും മെസിയുടെ ഇടംകാലില്‍ നിന്നുള്ള ചാട്ടുളികളായിരുന്നു. 85 എണ്ണം വിമര്‍ശകരുടെ വായടപ്പിച്ച് വലംകാലില്‍ നിന്ന് വല തുളച്ചവ. ഉയരത്തെ ചാടിത്തോല്‍പിച്ച മികവ് കൊണ്ട് 22 ഗോളുകള്‍ തലയില്‍ നിന്ന് വലയിലേക്ക് ഉതിര്‍ന്നുവീണു.
ബാഴ്‌സലോണ: ക്ലബ് കരിയറില്‍ ബാഴ്‌സലോണ കുപ്പായത്തില്‍ ലിയോണല്‍ മെസിയുടെ 600-ാം ഗോള്‍. എഴുന്നേറ്റ് നിന്ന് കയ്യടിച്ച് മാത്രം ഗാലറിക്ക് ആദരമര്‍പ്പിക്കാനാവുന്ന മാന്ത്രിക ഫ്രീ കിക്ക് ഗോള്‍. നൗകാമ്പില്‍ 82-ാം മിനുറ്റില്‍ 20 വാര അകലെ നിന്ന് ലിവര്‍പൂള്‍ കാവല്‍ഭടന്‍മാരെയും ചോരാത്ത കൈകളുള്ള അലിസണെയും ചാമ്പലാക്കിയ സുന്ദരന്‍ കിക്ക്.
മെസിയുടെ മാന്ത്രിക ഗോളിന് സാക്ഷാല്‍ ക്ലോപ്പ് പോലും കയ്യടിച്ചു. 'മെസി ഒരു ലോകോത്തര താരമാണെന്ന് നേരത്തെയറിയാം. അത് വീണ്ടും കണ്ടറിഞ്ഞു, അതിനാല്‍ അത്ഭുതങ്ങളില്ല'- മത്സരശേഷം ക്ലോപ്പ് പറഞ്ഞു. നൗകാമ്പ് ഫുട്ബോളിന്‍റെ ദേവാലയമല്ലെന്ന് മത്സരത്തിന് മുന്‍പ് പറഞ്ഞ ക്ലോപ്പിന് മുന്നില്‍ അവതരിച്ച മിശിഹ ഫുട്ബോളിന്‍റെ ദേവാലയം ഏതെന്ന് കാട്ടുകയായിരുന്നു.
ബാഴ്‌സ കുപ്പായത്തില്‍ 683 മത്സരങ്ങള്‍ കൊണ്ടാണ് മെസി 600 എന്ന മാന്ത്രിക സംഖ്യ തികച്ചത്. കൃത്യം 14 വര്‍ഷം മുന്‍പ് 2005 മെയ് ഒന്നിന് ലാഗിഗയിലൂടെയാണ് മെസി കറ്റാലന്‍ ടീമില്‍ വരവറിയിച്ചത്. ഗോള്‍ ബാറിനെ ഭേദിച്ച 600ല്‍ 491 ഗോളുകളും മെസിയുടെ ഇടംകാലില്‍ നിന്നുള്ള ചാട്ടുളികളായിരുന്നു. 85 എണ്ണം വിമര്‍ശകരുടെ വായടപ്പിച്ച് വലംകാലില്‍ നിന്ന് വല തുളച്ചവ. ഉയരത്തെ ചാടിത്തോല്‍പിച്ച മികവ് കൊണ്ട് 22 ഗോളുകള്‍ തലയില്‍ നിന്ന് വലയിലേക്ക് ഉതിര്‍ന്നുവീണു.
മത്സരത്തില്‍ ലിവര്‍പൂളിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം 112 ആയി. 126 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം മെസിക്ക് മുന്നില്‍.
