വൈകാരികമായിരുന്നു ഫ്ലോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ ഈ കാഴ്‌ചകള്‍

മയാമി: കോപ്പ അമേരിക്ക 2024 ഫൈനലില്‍ കൊളംബിയക്കെതിരെ മിനുറ്റുകളോളം അര്‍ജന്‍റീനന്‍ ആരാധകരുടെ ശ്വാസം നിലച്ചു. കളത്തിലെ ഏറ്റവും മികച്ച താരമായ ലിയോണല്‍ മെസിക്ക് 65-ാം മിനുറ്റില്‍ പരിക്കേറ്റപ്പോഴായിരുന്നു അത്.

മസില്‍ ഗെയിമുമായി തുടക്കം മുതല്‍ ഫൈനലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ച കൊളംബിയക്കെതിരെ ഒട്ടും ആശാവഹമായിരുന്നില്ല അര്‍ജന്‍റീനയുടെ തുടക്കം. ആദ്യ മിനുറ്റുകളില്‍ തന്നെ കൊളംബിയന്‍ കാല്‍ക്കരുത്ത് അര്‍ജന്‍റീനന്‍ താരങ്ങളെ വലച്ചു. ആദ്യപകുതിക്കിടെ ലിയോണല്‍ മെസിയെ ആദ്യ പരിക്ക് പിടികൂടി. രണ്ടാംപകുതിയില്‍ മെസിക്ക് വീണ്ടും പരിക്കേറ്റു. കാല്‍ക്കുഴയിലെ വേദനകൊണ്ട് ലിയോ മൈതാനത്ത് കിടന്ന് പൊട്ടിക്കരഞ്ഞു. ഒടുവില്‍ മെസിയെ സബ് ചെയ്യുകയല്ലാതെ മറ്റൊരു പോംവഴി അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണിക്ക് മുന്നിലില്ലാതെ വന്നു. സ്ക്വാഡിലെ ഏറ്റവും മികച്ച താരം അങ്ങനെ 66-ാം മിനുറ്റില്‍ നിറകണ്ണുകളോടെ ഡഗൗട്ടിലേക്ക് യാത്രയായി. 

Scroll to load tweet…
Scroll to load tweet…

വൈകാരികമായിരുന്നു ഫ്ലോറിഡയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തിലെ ഈ കാഴ്‌ചകള്‍. നിറകണ്ണുകളോടെ ലിയോണല്‍ മെസി മൈതാനം വിടുന്നത് ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഒരുപോലെ അവിശ്വസനീയമായി. സഹതാരങ്ങളുടെ കണ്ണുകളില്‍ ആ കണ്ണീര്‍ പ്രതിഫലിച്ചു. എന്നാല്‍ കണ്ണുകള്‍ തിരുമ്മിക്കൊണ്ട് പുറത്തേക്ക് നടന്ന മെസിയെ ഗ്യാലറിയിലിരുന്ന് ഹൃദയാഭിവാദ്യം ചെയ്യുന്ന അര്‍ജന്‍റീനന്‍ ആരാധകര്‍ മനോഹര കാഴ്‌ചയായി. ബഞ്ചിലെത്തിയ മെസി മുഖംപൊത്തി പൊട്ടിക്കരഞ്ഞത് എതിരാളികളുടെ പോലും ഹൃദയത്തില്‍ വിങ്ങലായി. ഡഗൗട്ടിലിരിക്കുന്ന മെസിയുടെ കാല്‍ക്കുഴയിലെ നീര് ടെലിവിഷനില്‍ കണ്ടപ്പോള്‍ ആരാധകര്‍ കൂടുതല്‍ വിതുമ്പി. മത്സരം എക്‌സ്‌ട്രാടൈമിലേക്ക് നീണ്ടപ്പോള്‍ മെസി മുടന്തിമുടന്തി സഹതാരങ്ങള്‍ക്ക് അരികിലെത്തി പ്രചോദിപ്പിച്ചു. 

Scroll to load tweet…

ഒടുവില്‍ വേദന കടിച്ചമര്‍ത്തി ലിയോ വീണ്ടും കളത്തിനരികിലെത്തി. 112-ാം മിനുറ്റിലെ ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ വിജയ ഗോളിന് പിന്നാലെ ഫൈനല്‍ വിസിലിനായി കാതോര്‍ത്ത് ലൈനിനരികെ കാത്തുനില്‍ക്കുന്ന മെസിയുടെ ദൃശ്യങ്ങളും പിന്നാലെയുള്ള തുള്ളിച്ചാട്ടവും കോപ്പ കിരീടത്തില്‍ അര്‍ജന്‍റീനന്‍ ആരാധകര്‍ക്ക് ഇരട്ടിമധുരമായി. 

Read more: ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം