2026 ഫിഫ ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഇടംപിടിച്ചപ്പോൾ നെയ്‌മർ ജൂനിയർ സന്തോഷക്കണ്ണീരണിഞ്ഞു. പരിക്കിനെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായിരുന്ന താരത്തിന്‍റെ തിരിച്ചുവരവ് ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്‌മർ ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്. 

സാന്‍റോസ്: സാംബാ ചുവടുകളുടെ പ്രതാപകാലത്തിലേക്ക് ബ്രസീലിയന്‍ ഫുട്ബോള്‍ ടീമിനെ തിരികെ കൊണ്ടുപോകുമോ നെയ്‌മര്‍ ജൂനിയര്‍, മഞ്ഞപ്പടയ്‌ക്ക് ആറാം കനകകിരീടം സമ്മാനിക്കുമോ സുല്‍ത്താന്‍? നെയ്‌മര്‍ ഫിഫ ലോകകപ്പ് 2026-നുള്ള സ്‌ക്വാഡില്‍ ഉള്‍പ്പട്ടതോടെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ബ്രസീലിയൻ ടീമിലേക്കുള്ള നെയ്‌മറിന്‍റെ തിരിച്ചുവരവ് ഏറെ വൈകാരികമായിരുന്നു. ബ്രസീല്‍ കോച്ച് കാർലോ ആഞ്ചലോട്ടി ഫിഫ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോൾ ആരാധകരെപ്പോലെ നെയ്‌മറും ഉദ്വേഗത്തിന്‍റെ മുൾമുനയിലായിരുന്നു. നെയ്‌മര്‍ ടീം പ്രഖ്യാപനം ആകാംക്ഷയോടെ വീക്ഷിക്കുന്ന വീഡിയോ ഇതിനകം 20 കോടിയോളം പേര്‍ കണ്ടു.

ടീം പ്രഖ്യാപനം കേട്ട് സന്തോഷക്കണ്ണീരണിഞ്ഞ് നെയ്‌‌മര്‍

ബ്രസീല്‍ ഫുട്ബോള്‍ ടീമിന്‍റെ മുഖ്യ പരിശീലകന്‍ ഡോണ്‍ കാർലോ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ ബ്രസീലിയൻ ടീമിലെ മൂന്ന് വർഷത്തെ ഇടവേളയുടെ സമ്മർദ്ദമെല്ലാം നെയ്‌മർ ജൂനിയറിന്‍റെ മുഖത്ത് പ്രകടമായിരുന്നു. നെയ്‌മറിന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും അതേ അവസ്ഥയിൽ. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന നെയ്‌മർ, കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ലോകകപ്പ് ടീം പ്രഖ്യാപനം കണ്ടത് സ്വന്തം ബംഗ്ലാവിൽല വച്ച്. ടീം പ്രഖ്യാപനം തുടങ്ങിയപ്പോൾ സമ്മർദ്ദവുമേറി. തൊട്ടരികെ ആകാംക്ഷയോടെ പങ്കാളി ബ്രൂണ ബിയാൻകാർഡിയുമുണ്ടായിരുന്നു. ആഞ്ചലോട്ടി സൂപ്പർതാരത്തിന്‍റെ പേര് പ്രഖ്യാപിച്ചപ്പോൾ ആ വീട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും ആഹ്‌ലാദത്തിമിര്‍പ്പ്, നെയ്‌മര്‍ക്ക് സന്തോഷക്കണ്ണീര്‍. ഉറ്റസുഹൃത്ത് റഫീഞ്ഞയോടും അച്ഛനോടും നെയ്‌മര്‍ തന്‍റെ സന്തോഷം പങ്കുവച്ചത് കണ്ണീരണിഞ്ഞായിരുന്നു.

നെയ്‌മര്‍ ബ്രസീലിന്‍റെ ടോപ് ഗോള്‍ സ്കോറര്‍

നെയ്‌മറെ ടീമിൽ ഉൾപ്പെടുത്തിയത് ആരാധകർക്കും ആശ്വാസവും ആഘോഷവുമായി. 2023 ഒക്‌ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റാണ് നെയ്‌മർ ബ്രസീൽ ടീമിൽ നിന്ന് പുറത്താവുന്നത്. തുടരെ പരിക്കും വിവാദവും താരത്തിന് തിരിച്ചടിയായി. ആഞ്ചലോട്ടി പരിശീലകനായ ശേഷം തുടർച്ചയായി താരം അവഗണിക്കപ്പെട്ടു. ഒടുവിൽ നെയ്‌മറെ ലോകകപ്പ് ടീമിൾ ഉൾപ്പെടുത്തി ഇറ്റാലിയൻ കോച്ചിന്‍റെ പ്രഖ്യാപനം എത്തുകയായിരുന്നു. 128 മത്സരങ്ങളില്‍ 79 ഗോളുകളുമായി ബ്രസീലിന്‍റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് 34-കാരനായ നെയ്‌മർ. 2014, 2018, 2022 ലോകകപ്പുകളിലെ 13 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളും സൂപ്പര്‍താരം പേരിലാക്കി. ഇരുപത്തിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകിരീടം ബ്രസീലിൽ തിരികെ എത്തിക്കുമെന്നാണ് നെയ്‌മർ ആരാധകർക്ക് നൽകുന്ന വാഗ്‌ദാനം.

 

View post on Instagram
 

 

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News