ഫ്രഞ്ച് കപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ആരാധകന്‍റെ മൂക്കിനിടിച്ച് നെയ്‌മര്‍ വിവാദത്തില്‍. ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് ലഭിച്ചതിന് പിന്നാലെയാണ് നെയ്മറുടെ മോശം പെരുമാറ്റം വീണ്ടും ചര്‍ച്ചയാവുന്നത്.
പാരിസ്: ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനസിനോട് തോറ്റ് കിരീടം കൈവിട്ടതിന് പിന്നാലെ ആരാധകന്‍റെ മൂക്കിനിടിച്ച് പിഎസ്‌ജി താരം നെയ്‌മര്‍ വിവാദത്തില്‍. ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ ആരാധകന്‍റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ച നെയ്‌മര്‍ വാക്കുതര്‍ക്കത്തിനു ശേഷം മുഖത്തിടിക്കുകയായിരുന്നു.
സംഭവം പുതിയ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. യൂറോപ്യന്‍ ലീഗിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം നെയ്മറിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു യുവേഫ. ചാമ്പ്യന്‍സ് ലീഗിനിടെ മാച്ച് ഒഫീഷ്യല്‍സിനെതിരെ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കാണ് നടപടി. ഇതിന്‍റെ അലയൊലികള്‍ അടങ്ങുംമുന്‍പാണ് നെയ്‌മര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
മത്സരത്തില്‍ കരുത്തരായ പിഎസ്ജിയെ അട്ടിമറിച്ച് റെനസ് കിരീടം ചൂടി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായിരുന്ന റെനസ് രണ്ടാം പകുതിയില്‍ ഗോളുകള്‍ തിരിച്ചടിച്ച് പിഎസ്ജിയെ ഞെട്ടിച്ചു. എക്‌സ്‌ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടാണ് വിജയികളെ തീരുമാനിച്ചത്. ടീം തോറ്റെങ്കിലും ഗോള്‍ നേടി ആരാധകരെ ത്രസിപ്പിച്ച ശേഷമാണ് നെയ്‌മര്‍ വിവാദ നായകനായത്.
