ഒരേയൊരു രാജാവ്, ലെജന്‍ഡ്; കാണാം വിമർശകരുടെ വായടപ്പിച്ച് ഛേത്രിയുടെ ഗോളും ആഘോഷവും 

മുംബൈ: ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ മുംബൈ സിറ്റി എഫ്സിയെ നേരിടാന്‍ ബെംഗളൂരു എഫ്സി സൂപ്പർ താരം സുനില്‍ ഛേത്രി എത്തിയത് എതിർ ആരാധകരുടെ കൂവിവിളികളോടെയാണ്. സ്റ്റേഡിയത്തിന്‍റെ പുറത്ത് നിരവധി ആരാധകർ ഛേത്രിക്കെതിരെ ഗോബാക്ക് വിളികള്‍ മുഴക്കി. കഴിഞ്ഞ പ്ലേ ഓഫ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി വിവാദ ഫ്രീകിക്ക് ഗോള്‍ നേടിയതായിരുന്നു ആരാധകരെ പ്രകോപിപ്പിച്ചത്. മുംബൈക്കെതിരായ മത്സരത്തില്‍ പകരക്കാരനായി മൈതാനത്ത് ഛേത്രി ഇറങ്ങിയപ്പോഴും ഗോബാക്ക് വിളികളുയർന്നു. എന്നാല്‍ മുംബൈ ഫുട്ബോള്‍ അറീനയിലെ വലിയൊരു കൂട്ടം ആരാധകർ തനിക്ക് നേരെ തിരിഞ്ഞപ്പോഴും ആദ്യപാദത്തില്‍ ബെംഗളൂരുവിന് വിജയഗോള്‍ നേടി നല്‍കുന്ന ഛേത്രിയുടെ ക്ലാസ് ആരാധകർ കണ്ടു.

ഗോബാക്ക് വിളികള്‍ക്കിടെയാണ് ഛേത്രി വലകുലുക്കിയത് എന്നതാണ് ശ്രദ്ധേയം. ഇതിന് ശേഷം കൂവിവിളിച്ച ആരാധകരോട് ശാന്തരാവാന്‍ ഇന്ത്യന്‍ ഇതിഹാസം ആംഗ്യം കാട്ടുന്നതും മൈതാനത്ത് കണ്ടു. കാണാം സുനില്‍ ഛേത്രിയുടെ ഗോള്‍.

Scroll to load tweet…

എവേ മൈതാനത്ത് മുംബൈ സിറ്റി എഫ്സിക്ക് എതിരായ ആദ്യപാദ സെമിയില്‍ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് സുനില്‍ ഛേത്രി ബെംഗളൂരു എഫ്സിക്ക് നിർണായ ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റിലെ കോർണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്‍റേതായിരുന്നു അസിസ്റ്റ്. സീസണില്‍ ബെംഗളൂരുവിന്‍റെ തുടർച്ചയായ പത്താം വിജയമാണിത്. ഞായറാഴ്ചയാണ്(മാർച്ച് 12) ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാംപാദ മത്സരം. ഒരു ഗോള്‍ ലീഡിന്‍റെ ആത്മവിശ്വാസത്തോടെ ഛേത്രിക്കും സംഘത്തിനും സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങാം. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ പെനാല്‍റ്റിയിലൂടെ ഛേത്രി ഗോള്‍ നേടിയത് വലിയ വിവാദമായിരുന്നു. 

കൂവിവിളിയൊന്നും ഏറ്റില്ല, ഛേത്രിക്ക് ഗോള്‍; ആദ്യപാദ സെമിയില്‍ മുംബൈയെ തകർത്ത് ബെംഗളൂരു