ജിദ്ദ: സ്‌പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ റയല്‍ മാഡ്രിഡിനായി മധ്യനിര താരം ടോണി ക്രൂസിന്‍റെ മാന്ത്രിക ഗോള്‍. കളി തുടങ്ങി 15-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് നേരിട്ട് ക്രൂസ് വലകുലുക്കുകയായിരുന്നു. സൗദി അറേബ്യയിലെ കിംഗ് അബ്‌ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയാണ് ക്രൂസിന്‍റെ മാന്ത്രിക ഗോളിന് വേദിയായത്. 

ക്രൂസ് കോര്‍ണറെടുക്കുമ്പോള്‍ ഗോള്‍ബാറില്‍ നിന്ന് മുന്നോട്ടുകയറി നില്‍ക്കുകയായിരുന്നു വലന്‍സിയ ഗോളി ഡൊമിനിക്ക്. അവസരം മുതലെടുത്ത ക്രൂസ് തന്ത്രപരമായി പന്ത് വളച്ച് വലയിലേക്ക് തിരിച്ചുവിട്ടു. അവസാന നിമിഷം തട്ടിയകറ്റാന്‍ ഡൊമിനിക്ക് ശ്രമിച്ചെങ്കിലും പന്ത് വലയിലെത്തി. ക്രൂസിന്‍റെ ഗോളില്‍ റയല്‍ താരങ്ങള്‍ ആവേശംകൊണ്ടപ്പോള്‍ വലന്‍സിയ താരങ്ങള്‍ക്ക് അത് വിശ്വസിക്കാനായില്ല. 

മത്സരം ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ച് റയല്‍ സൂപ്പര്‍ കോപ്പ ഫൈനലിലെത്തി. ഗാരെത് ബെയ്‌ല്‍, കരിം ബെന്‍സേമ തുടങ്ങിയ സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ റയലിന്‍റെ വിജയം മധ്യനിര താരങ്ങളുടെ മികവിലായിരുന്നു. ക്രൂസ് ഗോളിന് തുടക്കമിട്ടപ്പോള്‍ ഇസ്‌കോ 39-ാം മിനുറ്റിലും മോഡ്രിച്ച് 65-ാം മിനുറ്റിലും വലചലിപ്പിച്ചു. ഇഞ്ചുറിടൈമില്‍(90+2) പെനാല്‍റ്റിയിലൂടെ ഡാനി പരേജോയുടെ വകയായിരുന്നു വലൻസിയയുടെ ആശ്വാസ ഗോൾ.

ഇന്ന് നടക്കുന്ന ബാഴ്‌സലോണ- അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സെമിയിലെ ജേതാക്കളെ റയല്‍ 12-ാം തിയതി കലാശപ്പോരില്‍ നേരിടും. 24 അംഗ ബാഴ്‌സലോണ ടീമിൽ ലിയോണല്‍ മെസി, ലൂയി സുവാരസ്, അന്‍റോയിന്‍ ഗ്രീസ്‌മാന്‍ എന്നീ പ്രമുഖരുണ്ട്. തോൽവിയറിയാതെ തുടര്‍ച്ചയായി 12 മത്സരങ്ങള്‍ക്കൊടുവിലാണ് ബാഴ്‌സ സൗദിയിൽ കളിക്കുന്നത്. ബാഴ്‌സ 13ഉം അത്‌ലറ്റിക്കോ രണ്ടും തവണ വീതം സൂപ്പര്‍ കപ്പ് ജയിച്ചിട്ടുണ്ട്.