പോര്‍ട്ടോ: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇപ്പോള്‍ കാണികളെ പ്രവേശിപ്പിക്കുന്നില്ല. ക്ലബ് തലത്തിലും അങ്ങനെ തന്നെ. പകരക്കാരുടെ ബഞ്ചില്‍ ഇരിക്കുന്നവര്‍ പോലും മാസ്‌ക് ധരിക്കണം. എന്നാല്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ചെറിയൊരു അബദ്ധം പറ്റി. ഇന്നലെ യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍- ക്രൊയേഷ്യ മത്സരത്തിനിടെ അദ്ദേഹം മാസ്‌ക് ഇടാതെ മത്സരം കണ്ടു. ഇത് കയ്യോടെ പിടിക്കുകയും ചെയ്തു. ഈ വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായിരിക്കുന്നത്.

പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ക്രൊയേഷ്യക്കെതിരെ കളത്തിലിറങ്ങാതിരുന്ന താരം ഗ്യാലറിയില്‍ മറ്റ് താരങ്ങള്‍ക്കൊപ്പം ഇരിക്കുന്നത് വിഡിയോയില്‍ കാണാം. ബാക്കിയുള്ള താരങ്ങള്‍ എല്ലാവരും മാസ്‌ക് ഇട്ടിരുന്നെങ്കിലും ക്രിസ്റ്റിയാനോ അങ്ങനെ ആയിരുന്നില്ല. ഇതോടെ യുവേഫ സ്റ്റാഫിന് ഇടപെടേണ്ടിവന്നു. താരത്തിനടുത്തെത്തിയ സ്റ്റാഫ് മാസ്‌ക് ധരിക്കാന്‍ ക്രിസ്റ്റ്യാനോയോട് ആവശ്യപ്പെടുകയായിരുന്നു. സ്റ്റാഫിന്റെ അഭ്യര്‍ത്ഥന പ്രകാരം സൂപ്പര്‍ താരം മാസ്‌ക് ധരിക്കുന്നുമുണ്ട്. മാസ്‌ക് ധരിച്ചു കഴിഞ്ഞാണ് ഉദ്യോഗസ്ഥ അവിടെ നിന്ന് മടങ്ങുന്നത്. വീഡിയോ കാണാം...

മത്സരത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ തകര്‍ത്തു. ജാവോ കാന്‍സെലോ, ഡിയോഗോ ജോട്ട, ജാവോ ഫെലിക്സ്, ആന്‍ഡ്രേ സില്‍വ എന്നിവരാണ് പോര്‍ച്ചുഗീസിനായി ഗോളുകള്‍ നേടിയത്.