ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സേവുമായി ആഴ്‌സനല്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ്. മത്സരത്തില്‍ ഒന്നാകെ എട്ട് സേവുകളാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ നടത്തിയത്. അതില്‍ അവസാന നിമിഷം നടത്തിയ സേവ് സമൂഹ മാധ്യമങ്ങള്‍ വൈറലായി കഴിഞ്ഞു. ആഴ്‌സനല്‍ അവരുടെ ഔദോഗിക ഫേസ്ബുക്ക് പേജ് വഴി അതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. 

ഇഞ്ചുറി സമയത്തെ അവസാന മിനിറ്റിലായിരുന്നു സേവ് എന്നതായിരുന്നു പ്രത്യേകത. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ലോങ് റേഞ്ച് ഷോട്ടാണ് മാര്‍ട്ടിനെസ് ഒരു മുഴുനീള ഡൈവിംഗിലൂടെ രക്ഷപ്പെടുത്തിയത്. ആഴ്‌സനല്‍ താരത്തിന്റെ കാലില്‍ തട്ടിയാണ് തെറിച്ചതെങ്കിലും ഷോട്ട് ഗോളെന്നുറച്ചതായിരുന്നു. ഷോട്ട് വലയില്‍ പതിഞ്ഞിരുന്നെങ്കില്‍ മത്സരം 2-2 സമനിലയില്‍ അവസാനിക്കുമായിരുന്നു. വീഡിയോ കാണാം..

എന്നാല്‍ മാര്‍ട്ടിനെസിന്റെ സേവ് തുണയായി. ആഴ്‌സനലിന്റെ ഒന്നാം ഗോള്‍കീപ്പര്‍ ബേണ്‍ഡ് ലെനോയ്ക്ക് പരിക്കേറ്റതോടെയാണ് 28കാരന് അവസരം തെളിഞ്ഞത്. ഇതുവരെ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. എന്നാല്‍ അര്‍ജന്റീന ജേഴ്‌സിയില്‍ ഒരിക്കല്‍ മാത്രമാണ് താരം കളിച്ചത്.