14 സീസണുകളില്‍ കളിച്ച ശേഷമാണ് റയലുമായി ബെന്‍സേമ പിരിയുന്നത്. 2009ല്‍ ലിയോണില്‍ നിന്ന് എത്തിയ ഫ്രഞ്ച് താരം റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ്, അഞ്ച് ക്ലബ് ലോകകപ്പ്, നാല് ലാലീഗ കിരീടങ്ങളും നേടിയിട്ടുണ്ട്.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് ജേഴ്‌സിയിലെ അവസാന മത്സരത്തിന് ശേഷം വികാരാധീനനായി വെറ്ററന്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ. അവസാന മത്സരത്തിലും ഗോള്‍ നേടിയാണ് കരീം ബെന്‍സേമ റയല്‍ മാഡ്രിഡിനോട് വിട പറയുന്നത്. ഈ ഗോള്‍ ടീമിനെ അത്‌ലറ്റിക് ക്ലബിനെതിരായ മത്സരത്തില്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. ലാലീഗ സീസണിലെ ബെന്‍സേമയുടെ 19-ാം ഗോളായിരുന്നു ഇത്. എല്ലാ മത്സരങ്ങളില്‍ നിന്നുമായി ആകെ 31 ഗോളുകള്‍ നേടി. ആറ് അസിസ്റ്റും സ്വന്തം പേരിലാക്കി. 

14 സീസണുകളില്‍ കളിച്ച ശേഷമാണ് റയലുമായി ബെന്‍സേമ പിരിയുന്നത്. 2009ല്‍ ലിയോണില്‍ നിന്ന് എത്തിയ ഫ്രഞ്ച് താരം റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ്, അഞ്ച് ക്ലബ് ലോകകപ്പ്, നാല് ലാലീഗ കിരീടങ്ങളും നേടിയിട്ടുണ്ട്. 2022ല്‍ റയല്‍ കുപ്പായത്തില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ ക്ലബിന്റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി.

Scroll to load tweet…
Scroll to load tweet…

അതേസമയം, അത്‌ലറ്റിക് ക്ലബിനെതിരെ റയല്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു റയല്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഒയ്ഹന്‍ സാഞ്ചറ്റിന്റെ ഗോളിലൂടെ അത്‌ലറ്റിക് ക്ലബാണ് മുന്നിലെത്തിയത്. എഴുപത്തിയേഴാം മിനിറ്റില്‍ ബെന്‍സേമ റയലിന് സമനില സമ്മാനിച്ചു. 78 പോയിന്റുമായി സീസണ്‍ രണ്ടാം സ്ഥാനക്കാരായാണ് റയല്‍ അവസാനിപ്പിക്കുന്നത്.

ബാഴ്‌സയ്ക്ക് തോല്‍വി

അതേസമയം, തോല്‍വിയോടെയാണ് ബാഴ്‌സ ലാലീഗ സീസണ്‍ അവസാനിപ്പിച്ചത്. സിസണിലെ അവസാന മത്സരത്തില്‍ സെല്‍റ്റവീഗോയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ തോല്‍വി. ഗാബ്രി വെയ്ഗ സെല്‍റ്റയ്ക്കായി ഇരട്ടഗോള്‍ നേടി. അന്‍സു ഫാറ്റിയാണ് ബാഴ്‌സയുടെ ആശ്വാസഗോള്‍ നേടിയത്. പോയിന്റുനിലയില്‍ ഒന്നാമതുള്ള ബാഴ്‌സ നേരത്തെ തന്നെ ലാലിഗ കിരീടം ഉറപ്പിച്ചിരുന്നു. അത്‌ലറ്റികോ മാഡ്രിഡ് സമനിലയോടെയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. വിയ്യാറയലാണ് ഇഞ്ച്വറി ടൈമിലെ ഗോളില്‍ അത്‌ലറ്റികോയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ചു. അത്‌ലറ്റികോയുടെ രണ്ട് ഗോളും നേടിയത് അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ കൊറേയയാണ്.