യുഎഇക്കെതിരായ മത്സരശേഷം മെസ്സിയും സംഘവും നാളെ ഖത്തറിലേക്ക് പോകും. ഈമാസം 22ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം.

അബുദാബി: ഖത്തര്‍ ലോകകപ്പിനായി അര്‍ജന്റൈന്‍ ടീം അബുദാബിയില്‍ പരിശീലനം തുടങ്ങി. ക്യാപ്റ്റന്‍ ലിയണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലാണ് പരിശീലനം നടത്തിയത്. ടീം നാളെ യു എ ഇയുമായി സന്നാഹമത്സരം കളിക്കും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നായ അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ മൂന്നും യുഎഇ എഴുപതും സ്ഥാനത്താണ്. തുടര്‍ച്ചയായി 35 കളിയില്‍ തോല്‍വി അറിയാതെയാണ് അര്‍ജന്റീന യു എ ഇയെ നേരിടാനിറങ്ങുന്നത്. 

യുഎഇക്കെതിരായ മത്സരശേഷം മെസ്സിയും സംഘവും നാളെ ഖത്തറിലേക്ക് പോകും. ഈമാസം 22ന് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. മെക്‌സിക്കോയും പോളണ്ടുമാണ് മറ്റ് എതിരാളികള്‍. ഇന്നലെയാണ് മെസി ടീമിനൊപ്പം ചേര്‍ന്നത്. ലോകമെങ്ങുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്കിടെയാണ് മെസി അബുദബിയിലെത്തി ടീം ക്യാംപില്‍ ചേര്‍ന്നത്. പിഎസ്ജിയുടെ മത്സരത്തിന് ശേഷം ഏഞ്ചല്‍ ഡി മരിയ, ലിയാന്ദ്രോ പരെഡെസ് എന്നിവര്‍ക്കൊപ്പമാണ് മെസി യുഎയിലെത്തിയത്. 

അര്‍ജന്റീന ടീമിന്റെ പരിശീലന സമയത്ത് ഒരു ആരാധകന്‍ മെസിയെ തൊടാന്‍ ഗ്രൗണ്ടിലേക്കിറങ്ങി. പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇടപ്പെട്ട് പിടിച്ചുമാറ്റുകയായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

ഞായറാഴ്ചത്തെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന്റെ എതിരാളികളായ ഇക്വേഡര്‍ വിമാനം ഇറങ്ങുക നാളെ. ടിറ്റെ അടങ്ങുന്ന ബ്രസീലിയന്‍ പരിശീലകസംഘം ലോകകപ്പിന് മുന്‍പുള്ള പരിശീലന വേദിയായ ഇറ്റലിയിലെ ടൂറിനില്‍ എത്തി.

ട്രോഫി ദോഹയില്‍

വന്‍കരകളിലെ പര്യടനം പൂര്‍ത്തിയാക്കി ഫിഫ ലോകകപ്പ് ട്രോഫി ദോഹയില്‍ എത്തി. 32 കളിസംഘങ്ങളും മോഹിക്കുന്ന സ്വര്‍ണക്കപ്പ് അറബ് മണ്ണില്‍ പറന്നിറങ്ങി. രാഷ്ടത്തലവന്മാര്‍ക്കോ വിശ്വജേതാക്കള്‍ക്കോ മാത്രമേ ഫിഫ ട്രോഫിയില്‍ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാല്‍ ലോകകപ്പ് അനാവരണം ചെയ്തത് 1998ല്‍ ചാംപ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെല്‍ ദേസൊയിയായിരുന്നു.