റയല്‍ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരിക്കേ 70 ദശലക്ഷം യൂറോയ്ക്ക് കൂടുമാറുന്ന കാസമിറോയ്ക്ക് നിലവില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ വാര്‍ഷിക പ്രതിഫലം.
മാഞ്ചസ്റ്റര്‍: പണം മോഹിച്ചല്ല താന്‍ റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോകുന്നതെന്ന് കാസമിറോ. യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാസമിറോ പറഞ്ഞു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചാണ് റയല്‍ മാഡ്രിഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ ബ്രസീലിയന്‍ താരം കാസമിറോ തീരുമാനിച്ചത്.
റയല്‍ മധ്യനിരയിലെ നിര്‍ണായക സാന്നിധ്യമായിരിക്കേ 70 ദശലക്ഷം യൂറോയ്ക്ക് കൂടുമാറുന്ന കാസമിറോയ്ക്ക് നിലവില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ വാര്‍ഷിക പ്രതിഫലം. ഇതുകൊണ്ടുതന്നെ പണംമോഹിച്ചാണ് കാസമിറോ റയല്‍ വിടുന്നതെന്ന വിമര്‍ശനവുമുയര്‍ന്നു. ഈ വിമര്‍നങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കാസമിറോ.
''പണം മോഹിച്ചാണ് താന്‍ റയല്‍ വിട്ടുപോകുന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. അവര്‍ക്കെന്നെ അറിയില്ലെന്ന് മാത്രമേ പറയാന്‍ കഴിയൂ. ഈ വിമര്‍ശനം പൂര്‍ണമായും തെറ്റാണ്. റയലിനൊപ്പം എല്ലാ നേട്ടവും സ്വന്തമാക്കി. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സമയമായിരിക്കുന്നു. ഇതുകൊണ്ടാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പ്രീമിയര്‍ ലീഗിലും സാന്നിധ്യമറിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
റയലിന്റെ പടിയിറങ്ങിയാലും ഞാനെന്നും ഈ ക്ലബിന്റെ ആരാധകനായിരിക്കും. റയലിനെപ്പോലെ ചരിത്രമുള്ള ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ഇപ്പോള്‍ അത്രനല്ല കാലമല്ലെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താന്‍ യുണൈറ്റഡിന് കഴിയും. റൊണാള്‍ഡോ യുണൈറ്റഡില്‍ തുടരുമെന്നാണ് പ്രതീക്ഷ. സൂപ്പര്‍ താരത്തിനൊപ്പം വീണ്ടും ഒരുമിച്ച് കളിക്കാനായി കാത്തിരിക്കുകയാണ്.'' കാസമിറോ പറഞ്ഞു.
2013ല്‍ റയലില്‍ എത്തിയ കാസിമിറോ അഞ്ച് ചാംപ്യന്‍സ് ലീഗ് ഉള്‍പ്പടെ ക്ലബനൊപ്പം പതിനെട്ട് കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ താരത്തെ കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ മത്സരത്തിന് മുമ്പാണ് താരം ഓള്‍ഡ്ട്രാഫോഡില്‍ തടിച്ചുകൂടിയ കാണികള്‍ക്ക് മുന്നിലെത്തിയത്.
