ഹാരി കെയ്ന്‍, എറിക് ഡയര്‍, റോഡ്രിഗോ ബെന്റാന്‍കര്‍ എന്നിവരാണ് ടോട്ടനത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. യൂറി ടെലിമാന്‍സും ജയിംസ് മാഡിസണുമാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന്റെ ഗോള്‍വര്‍ഷം. രണ്ടിനെതിരെ ആര് ഗോളിന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പിച്ചു. കൊറിയന്‍ താരം സൊണ്‍ ഹ്യൂഗ് മിന്നിന്റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്റെ ജയം. 73, 84, 86 മിനിറ്റുകളിലായിരുന്നു മിന്നിന്റെ ഗോളുകള്‍. ഹാരി കെയ്ന്‍, എറിക് ഡയര്‍, റോഡ്രിഗോ ബെന്റാന്‍കര്‍ എന്നിവരാണ് ടോട്ടനത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. യൂറി ടെലിമാന്‍സും ജയിംസ് മാഡിസണുമാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. അഞ്ചാം ജയത്തോടെ ടോട്ടന്‍ഹാം 17 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഗോളുകള്‍ കാണാം...

Scroll to load tweet…

അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഏഴാം റൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വൂള്‍വ്‌സിനെ തോല്‍പിച്ചു. ജാക് ഗ്രീലിഷ്, എര്‍ലിംഗ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവരാണ് സ്‌കോറര്‍മാര്‍. ഒന്നാം മിനിറ്റില്‍ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണില്‍ ഗ്രീലിഷിന്റെ ആദ്യ ഗോളാണിത്. പതിനാറാം മിനിറ്റില്‍ ഹാലന്‍ഡ് ലീഡുയര്‍ത്തി. അറുപത്തിയൊന്‍പതാം മിനിറ്റിലാണ് ഫില്‍ ഫോഡന്‍ ഗോള്‍പട്ടിക തികച്ചത്. 

ആഴ്‌സനല്‍ ഇന്നിറങ്ങും

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ എവേ മത്സരത്തിനായി ഇന്നിറങ്ങും. ബ്രെന്റ്‌ഫോര്‍ഡ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം. സീസണിലെ 6 കളിയില്‍ അഞ്ചിലും ജയിച്ച ആഴ്‌സനലിന് 15 പോയിന്റുണ്ട്. ആഴ്‌സണല്‍ അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റിരുന്നു. ആറ് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്രെന്റ്‌ഫോര്‍ഡിന് ഒമ്പത് പോയിന്റാണുള്ളത്. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടന്‍ വൈകിട്ട് ആറേ മുക്കാലിന് വെസ്റ്റ് ഹാമിനെ നേരിടും.

വിജയം തുടര്‍ന്ന് ബാഴ്‌സ

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ എഫ് സി ബാഴ്‌സലോണയുടെ ജൈത്രയാത്ര. ബാഴ്‌സലോണ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോള്‍ കരുത്തില്‍ എല്‍ചെയെ തോല്‍പിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ ജയം. ഇതോടെ ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 34, 48 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍. ഈ സീസണില്‍ ബാഴ്‌സലോണയിലെത്തിയ ലെവന്‍ഡോവ്‌സ്‌കി എട്ട് കളിയില്‍ 11 ഗോള്‍ സ്വന്തം പേരിനൊപ്പമാക്കി. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ മെംഫിസ് ഡിപേയാണ് ബാഴ്‌സയുടെ രണ്ടാം ഗോള്‍ നേടിയത്. പെഡ്രി ഗോള്‍ നേടിയെങ്കിലും വാറിലൂടെ നിഷേധിക്കപ്പെട്ടു. പതിനാലാം മിനിറ്റില്‍ ഗോണ്‍സാലോ വെര്‍ദു ചുവപ്പ് കാര്‍ഡ് കണ്ടതോടെ എല്‍ചെ പത്തുപേരുമായാണ് പൊരുതിയത്. ആറ് കളിയില്‍ 16 പോയിന്റുമായാണ് ബാഴ്‌സ ഒന്നാം സ്ഥാനത്തെത്തിയത്. 18 ഗോള്‍ നേടിയപ്പോള്‍ ഇതുവരെ ഒറ്റഗോള്‍ മാത്രമാണ് ബാഴ്‌സലോണ വഴങ്ങിയത്.

ബയേണിന് ഞെട്ടിപ്പിക്കുന്ന തോല്‍വി

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ പതിനൊന്നാം സ്ഥാനക്കാരായ ഓഗ്‌സ്ബര്‍ഗ് ഏകപക്ഷീയമായ ഒരുഗോളിന് ബയേണിനെ വീഴ്ത്തി. അന്‍പത്തിയൊന്‍പതാം മിനിറ്റില്‍ മെര്‍ജിം ബെറിഷയാണ് നിര്‍ണായക ഗോള്‍നേടിയത്. സീസണില്‍ ഓഗ്‌സ്ബര്‍ഗിന്റെ മൂന്നാം ജയവും ഹോം ഗ്രൗണ്ടില്‍ ആദ്യ ജയവുമാണിത്. അവസാന മൂന്ന് മത്സരത്തില്‍ സമനില വഴങ്ങിയ ബയേണ്‍ ഏഴാം റൗണ്ടില്‍ ഓഗ്‌സ്ബര്‍ഗിനോട് തോറ്റതോടെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ഒന്നാം സ്ഥാനത്ത്. ഷാല്‍ക്കെയെ ഒറ്റഗോളിന് തോല്‍പിച്ചാണ് ബൊറൂസിയ ഒന്നാമതെത്തിയത്.