ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും ആവേശമേറിയ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരം. എന്നാല്‍ ഇരുവരുടെയും ആരാധകര്‍ അത്ര രസത്തിലല്ല.

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും ആവേശമേറിയ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരം. എന്നാല്‍ ഇരുവരുടെയും ആരാധകര്‍ അത്ര രസത്തിലല്ല. സോഷ്യല്‍ മീഡിയയിലും നേരിട്ടും ഇരു ടീമുകളുെട ആരാധര്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്.

എന്നാല്‍ ബംഗളൂരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ അഭിപ്രായം ഇരു ടീമുകളുടെ ആരാധകരേയും അമ്പരപ്പിക്കും. കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ആവേശമുണ്ടാക്കിയ ആരാധകര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റേതാണെന്നാണ് ഛേത്രിയുടെ അഭിപ്രായം. ട്വിറ്ററില്‍ ലൈവ് വീഡിയോയിലാണ് ഛേത്രി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 40 മിനിറ്റുള്ള വീഡിയോയില്‍ 32ാം മിനിറ്റിലാണ് ചോദ്യവും ഉത്തരവുമുണ്ടായത്. 

മറ്റ് ഏത് ടീമിനാണ് വലിയ ആവേശമുണ്ടാക്കുന്ന ആരാധകരുള്ളതെന്നായിരുന്നു ചോദ്യം. ഛേത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു... ''മറ്റൊരു ടീമിനല്ല. ഒരേയൊരു ടീമിന് മാത്രമാണ് അത്തരത്തിലുളള ആരാധകരെ അവകാശപ്പെടാനുള്ളത്. അത് കേരള ബ്ലാസ്റ്റേഴ്‌സാണ്. ആ അന്തരീക്ഷം അനുഭവിച്ച് തന്നെ അറിയണം. അത്തരത്തിലുള്ള അന്തരീക്ഷം ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തില്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലും അനുഭവപ്പെട്ടു.'' ഛേത്രി പറഞ്ഞു.

Scroll to load tweet…