ഫിഫയുടെ ഈ വിവാദപരമായ തീരുമാനത്തിനെതിരെ വെയ്ൻ റൂണി ഉൾപ്പെടെയുള്ള മുൻ താരങ്ങൾ കായിക മാന്യതയെ ചോദ്യം ചെയ്ത് കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ന്യൂയോർക്ക്: ബോസ്നിയക്കെതിരായ നോക്കൗട്ട് മത്സരത്തിൽ യുഎസ് താരം ഫോളറിന്‍ ബലോഗൻ ലഭിച്ച റെഡ് കാർഡിന് പിന്നാലെ താരത്തിന്റെ സസ്‌പെൻഷൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് നീക്കിയത് വൻ വിവാദത്തിലേക്ക് നീങ്ങുന്നു. ഫിഫ ഡിസിപ്ലിനറി കോഡിന്റെ 27-ാം അനുച്ഛേദം പ്രകാരം ബലോഗന്റെ ഓട്ടോമാറ്റിക് സസ്‌പെന്‍ഷന്‍ പ്രൊബേഷണറി കാലയളവിലേക്ക് നീട്ടി വെക്കുകയാണെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ ഇന്ന് നടക്കുന്ന ബെൽജിയം- യുഎസ് പ്രീ ക്വാർട്ടർ മത്സരത്തിൽ താരം ഇതോടെ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി. വലിയ രീതിയിലുള്ള വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഫിഫയുടെ നിലപാടിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ ഫിഫയുടെ നടപടിക്കെതിരെ മുൻ ഇംഗ്ലണ്ട് സൂപ്പർതാരം വെയ്ൻ റൂണി രംഗത്തുവന്നിരിക്കുകയാണ്.
ഇത്തരമൊരു നടപടി മത്സരത്തിന്റെ സ്പോർട്സ്മാൻഷിപ്പിനെ ചോദ്യം ചെയ്യുന്നതാണെന്ന് റൂണി പറയുന്നു. തന്റെ എതിരാളികളാണ് യുഎസ് എന്നുണ്ടെങ്കിൽ താൻ എന്തായാലും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമായിരുന്നെന്നും റൂണി പറയുന്നു. "ഒരു ഇംഗ്ലണ്ട് കളിക്കാരനോ മെക്സിക്കൻ കളിക്കാരനോ ആണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചാൽ, അടുത്ത മത്സരം കളിക്കാനാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? അത് എവിടെയാണ് അവസാനിക്കുന്നത്" റൂണി പറയുന്നു.
മുൻ ഇംഗ്ലണ്ട് താരം ഗാരി നെവിലും ഫിഫയുടെ ഈ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. അപമാനകരമായ തീരുമാനമെന്നാണ് ഗാരി നെവിൽ ഫിഫയുടെ നടപടിയെ വിശേഷിപ്പിച്ചത്. നാളെ പുലർച്ചെ 6.30 നാണ് യു.എസ്- ബെൽജിയം മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കരുത്തിൽ നോക്കൗട്ടിലെത്തിയ യുഎസ് ഗ്രൂപ്പിൽ തുർക്കിയോട് മാത്രമായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. നോക്കൗട്ടിൽ ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുഎസ് തകർത്തത്. മൂന്ന് ഗോളുകളുമായി ഫോളറിന്‍ ബലോഗൻ യുഎസിന്റെ പ്രധാന ഗോൾ വേട്ടക്കാരിൽ പ്രധാനിയാണ്. ബോസ്നിയക്കെതിരായ മത്സരത്തിൽ നാല്പത്തിയഞ്ചാം മിനിറ്റിൽ ഗോൾ നേടി രണ്ടാം പകുതിയിലാണ് റെഡ് കാർഡ് ലഭിച്ച് താരം പുറത്തുപോയത്. അതേസമയം ഗ്രൂപ്പിൽ ആദ്യ രണ്ട് കളികളിൽ ഈജിപ്തിനോടും ഇറാനോടും സമനില വഴങ്ങിയ ബെൽജിയം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ കരുത്തിലാണ് നോക്കൗട്ടിൽ ബെൽജിയം കളിച്ചത്. സെനഗലിനെ 3 - 2 എന്ന ഗോൾ നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടാണ് പ്രീ ക്വാർട്ടർ യോഗ്യത നേടിയത്.


