ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മൊറോക്കോ സെമിയില്‍ പ്രവേശിച്ചത്

ദോഹ: ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മാറിയ മൊറോക്കോയെ കുറിച്ച് ജര്‍മന്‍ മുന്‍ താരം മെസ്യൂട്ട് ഓസിലിന്‍റെ കുറിപ്പ്. 'അഭിമാന നിമിഷം, എന്തൊരു വിസ്‌മയ ടീമാണിത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും മഹത്തായ നേട്ടം. ആധുനിക ഫുട്ബോളില്‍ ഇത്തരമൊരു അവിശ്വസനീയ കഥ ഇപ്പോഴും സാധ്യമാണ്. ഇത് നിരവധി പേര്‍ക്ക് ഊര്‍ജവും പ്രതീക്ഷയുമാകുന്നു' എന്നാണ് ഓസിലിന്‍റെ ട്വീറ്റ്. മൊറോക്കോയുടെ മുന്നേറ്റം മുസ്ലീം ലോകത്തിന്‍റെ നേട്ടമായുള്ള ഓസിലിന്‍റെ വിലയിരുത്തലിനെതിരെ വിമർശനം ഉയരുന്നുണ്ട്.

അവസാന ക്വാര്‍ട്ടറില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ ഇംഗ്ലണ്ട് മികച്ച പ്രകടനം പുറത്തെടുത്തെന്നും, നാണക്കേട് ആവശ്യമില്ലെന്നും ഓസില്‍ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനായി ബുക്കായോ സാക്കോ തിളങ്ങിയെന്നും ഭാവി ഭദ്രമാണെന്നും ഓസിലിന്‍റെ കുറിപ്പിലുണ്ട്. ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. സെമിയില്‍ മൊറോക്കോയാണ് ഫ്രാന്‍സിന് എതിരാളികള്‍. 

ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മൊറോക്കോ സെമിയില്‍ പ്രവേശിച്ചത്. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചാട്ടങ്ങളെ ഓര്‍മ്മിപ്പിച്ച് വളരെ ഉയരെ ജംപ് ചെയ്‌താണ് നെസീരി ഗോള്‍ നേടിയത്. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ ചരിത്രം കുറിച്ചു. 

Scroll to load tweet…

ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലെയും ആരാധകര്‍ക്കിടയിലേയും വംശീയതയെ വിമര്‍ശിച്ച് 2018ല്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് മധ്യനിര ജീനിയസായിരുന്ന മെസ്യൂട്ട് ഓസില്‍. റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് ജര്‍മനി പുറത്തായതിന് പിന്നാലെ ഉയര്‍ന്ന വംശീയാധിക്ഷേപങ്ങളെ തുടര്‍ന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍. ടീം ജയിക്കുമ്പോള്‍ ഞാനൊരു ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നതായി ഓസില്‍ തുറന്നുപറഞ്ഞിരുന്നു. 

ഹമ്മോ! ആകാശംമുട്ടെ ഒരു ഹെഡര്‍; റൊണാള്‍ഡോയെ കാഴ്‌ചക്കാരനാക്കി റോണോ പഠിപ്പിച്ച ഗോളുമായി നെസീരി- വീഡിയോ