Asianet News MalayalamAsianet News Malayalam

മെസിക്ക് മഞ്ഞകാര്‍ഡ് കൊടുത്ത അതേ റഫറി; നെതര്‍ലന്‍ഡ്‌സിനെതിരെ ഇറങ്ങുമ്പോള്‍ മെസിക്കും ആരാധകര്‍ക്കും ചങ്കിടിപ്പ്

ക്വാര്‍ട്ടര്‍ പോരിന് നെതര്‍ലന്‍ഡ്‌സിനെതിരെയിറങ്ങുമ്പോള്‍ ഇതേ അന്റോണിയോയാണ് കളി നിയന്ത്രിക്കാന്‍ കളത്തിലുണ്ടാവുക. ഇത് തന്നയാണ് അര്‍ജന്റൈന്‍ ആരാധകരുടെ പേടിയും.

when argentina takes netherlands messi fans worry on antonio mateu lahoz
Author
First Published Dec 9, 2022, 12:35 PM IST

ദോഹ: അര്‍ജന്റീനയും, നെതര്‍ലന്‍ഡ്‌സും ക്വാര്‍ട്ടര്‍ പോരിനിറങ്ങുമ്പോള്‍ താരങ്ങള്‍ക്കൊപ്പം തന്നെ ശ്രദ്ധനേടുകയാണ് കളി നിയന്ത്രിക്കുന്ന റഫറി അന്റോണിയോ മത്തേയു ലോഹോസ്. അതിന് പിന്നിലൊരു കാരണവുമുണ്ട്. 2014 സീസണില്‍ സ്പാനിഷ് ലീഗിലെ അവസാന മത്സരത്തിലാണ് സംഭവം. അന്ന് ബാഴ്‌സ താരമായിരുന്ന ലിയോണല്‍ മെസിയുടെ ഗോള്‍ അന്റോണിയോ ഓഫ്‌സൈഡ് വിളിച്ചു. ബാഴ്‌സലോണയ്ക്ക് കിരീടം നഷ്ടമായി. 

തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് അന്റോണിയോ സമ്മതിച്ചു. ക്വാര്‍ട്ടര്‍ പോരിന് നെതര്‍ലന്‍ഡ്‌സിനെതിരെയിറങ്ങുമ്പോള്‍ ഇതേ അന്റോണിയോയാണ് കളി നിയന്ത്രിക്കാന്‍ കളത്തിലുണ്ടാവുക. ഇത് തന്നയാണ് അര്‍ജന്റൈന്‍ ആരാധകരുടെ പേടിയും. മറഡോണയുടെ മരണശേഷം നടന്ന ബാഴ്‌സയുടെ ആദ്യ മത്സരത്തില്‍ മെസ്സി ഗോള്‍ ഇതിഹാസ താരത്തിന് സമര്‍പ്പിച്ചപ്പോഴും അന്റോണിയോ മെസ്സിക്ക് കാര്‍ഡ്
നല്‍കിയിരുന്നു.

മുമ്പും അന്റോണിയോയുടെ തീരുമാനങ്ങള്‍ വിവാദമായിരുന്നു. 2018ലെ ചാംപ്യന്‍സ് ലീഗിനിടെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറിയാണ് അന്റോണിയോ. ലാ ലീഗയില്‍ മെസ്സി നേരിട്ട ദുരനുഭവം അര്‍ജന്റൈന്‍ ജേഴ്‌സിയില്‍ ഉണ്ടാവരുതേയെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. രാത്രി 12.30നാണ് അര്‍ജന്റീനയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ വരുന്നത്. നേര്‍ക്കുനേര്‍ കണക്കില്‍ നെതര്‍ലന്‍ഡ്‌സിന് തന്നെയാണ് മുന്‍തൂക്കം. 

ലോകകപ്പില്‍ ആറാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. അര്‍ജന്റീന ആദ്യമായി ലോകകിരീടത്തിലേക്ക് മാര്‍ച്ച് ചെയ്തത് നെതര്‍ലന്‍ഡ്‌സിനെ കണ്ണീരണിയിച്ചാണ്. 1978ല്‍. നെതര്‍ലന്‍ഡ്‌സിന്റെ മറുപടി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടറില്‍. 1998 ഫ്രാന്‍സ് ലോകകപ്പില്‍ ഡെനിസ് ബെര്‍ക്കാംപിന്റെ വിസ്മയഗോളായിരുന്നു കരുത്ത്.

ഏറ്റവുമൊടുവില്‍ 2014 ലോകകപ്പ് സെമിയിലാണ് നെതര്‍ലന്‍ഡ്‌സിനോട് അര്‍ജന്റീന ഏറ്റുമുട്ടിയത്. യൂറോപ്യന്‍ കരുത്തരെ അന്ന് മറികടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍. ലോകകപ്പിലെ അഞ്ച് മത്സരങ്ങളടക്കം ഒമ്പത് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. നാല് കളികളില്‍ ജയിച്ച നെതര്‍ലന്‍ഡ്‌സിനാണ് മേല്‍ക്കൈ. അര്‍ജന്റീനയ്ക്ക് രണ്ട് ജയം മാത്രം.
 

Follow Us:
Download App:
  • android
  • ios