ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റും നോർവേയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്.
ടെക്സസ്: ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബർത്ത് ലക്ഷ്യമിട്ട് വമ്പന്മാർ മാറ്റുരയ്ക്കുമ്പോൾ ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്നത് അമേരിക്കയിലെ ടെക്സസിലേക്കാണ്. റൗണ്ട് ഓഫ് 32-ലെ നിർണ്ണായക പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് യൂറോപ്യൻ ശക്തികളായ നോർവേയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30-ന് ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവരെ പ്രീ-ക്വാർട്ടറിൽ കാത്തിരിക്കുന്നത് മുൻ ചാമ്പ്യന്മാരായ ബ്രസീലാണ്.
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും ക്യുറാസാവോയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് എമേഴ്സ് ഫായെ പരിശീലിപ്പിക്കുന്ന ഐവറി കോസ്റ്റ് വരുന്നത്. ആദ്യമായി ലഭിച്ച നോക്കൗട്ട് അവസരം ചരിത്രവിജയമാക്കി മാറ്റി പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യാനുറച്ചാകും നായകൻ ഫ്രാങ്ക് കെസ്സിയും സംഘവും ഇന്ന് ബൂട്ട് കെട്ടുക. മറുഭാഗത്ത് മാർട്ടിൻ ഒഡെഗാർഡും എർലിംഗ് ഹാലണ്ടും നയിക്കുന്ന നോർവേ നിരയും ശക്തരാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ടെങ്കിലും പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചായിരുന്നു നോർവേ ഇറങ്ങിയത്.
ഇന്ന് പൂർണ്ണ കരുത്തോടെ തിരിച്ചെത്തുന്ന നോർവേ സഖ്യം ഐവറി കോസ്റ്റിന്‍റെ പ്രതിരോധ കോട്ട പൊളിക്കാൻ കെൽപ്പുള്ളവരാണ്. ഫുട്ബോൾ ചരിത്രത്തിൽ ഇതാദ്യമായാണ് ഐവറി കോസ്റ്റും നോർവേയും ഒരു അന്താരാഷ്ട്ര മത്സരത്തിൽ നേർക്കുനേർ വരുന്നത്. മുൻപ് പരസ്പരം കളിച്ച പരിചയസമ്പത്തില്ലാത്തതിനാൽ ഇരുടീമുകളുടെയും തന്ത്രങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഹാലണ്ടിന്‍റെ ആക്രമണ നിരയും ഐവറി കോസ്റ്റിന്‍റെ കരുത്തുറ്റ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലായിരിക്കും ഇന്ന് ടെക്സസിൽ കാണാനാവുക. രാത്രി 10:30-ന് പന്തുരുളുമ്പോൾ ബ്രസീലിനെ നേരിടാൻ ആർക്ക് ടിക്കറ്റ് ലഭിക്കുമെന്ന് കാത്തിരുന്ന് കാണാം.
