കളി അല്‍പ്പ നേരത്തേക്ക് നിര്‍ത്തിയ റഫറി ത്രോ എടുക്കാന്‍ വന്ന ജൂലസ് കൂണ്ടെയോട് കഴുത്തിയെ മാല ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്വര്‍ണ മാല അണിഞ്ഞാണ് അത്രയും നേരം ബാഴ്സ താരം കൂടിയായ കൂണ്ടെ കളിച്ചിരുന്നത്.

ദോഹ: പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. പെനാല്‍റ്റിയിലൂടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി പോളണ്ടിന്റെ ആശ്വാസ ഗോള്‍. ക്വാര്‍ട്ടറില്‍ സെനഗലിനെ തോല്‍പ്പിച്ചെത്തുന്ന ഇംഗ്ലണ്ടിനെയാണ് ഫ്രാന്‍സ് നേരിടുക.

അതേസമയം, ഇന്നലെ ഫ്രാന്‍സ് - പോളണ്ട് മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കളിയുടെ ആദ്യ പകുതിയില്‍ കളി അല്‍പ്പ നേരത്തേക്ക് നിര്‍ത്തിയ റഫറി ത്രോ എടുക്കാന്‍ വന്ന ജൂലസ് കൂണ്ടെയോട് കഴുത്തിയെ മാല ഊരാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ട് സ്വര്‍ണ മാല അണിഞ്ഞാണ് അത്രയും നേരം ബാഴ്സ താരം കൂടിയായ കൂണ്ടെ കളിച്ചിരുന്നത്. ഇന്‍റര്‍നാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) ചട്ടം നാല് അനുസരിച്ച്, മത്സരങ്ങളിൽ ആഭരണങ്ങൾ ധരിക്കുന്നത് നിയമവിരുദ്ധമാണ്.

കളിക്കാർ അപകടകരമായ ഉപകരണങ്ങളോ വസ്തുക്കളോ ധരിക്കരുത്. എല്ലാത്തരം ആഭരണങ്ങളും നിരോധിച്ചിരിക്കുന്നു എന്നാണ് നിയമം പറയുന്നത്. എല്ലാ ആഭരണങ്ങളും (മാലകൾ, മോതിരങ്ങൾ, വളകൾ, കമ്മലുകൾ, തുകൽ ബാൻഡുകൾ, റബ്ബർ ബാൻഡുകൾ മുതലായവ) നിരോധിച്ചിരിക്കുന്നു. അവ നീക്കം ചെയ്യണം. ആഭരണങ്ങൾ മറയ്ക്കാൻ ടേപ്പ് ഉപയോഗിക്കുന്നതും അനുവദനീയമല്ല. കളി തുടങ്ങുന്നതിന് മുമ്പ് കളിക്കാരെയും കളിക്കളത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് പകരക്കാരെയും പരിശോധിക്കണമെന്നാണ് ചട്ടം. റഫറിയുടെ നിര്‍ദേശം വന്നതോടെ ഫ്രാന്‍സ് ടീമിന്‍റെ ഒരു സ്റ്റാഫിന് ടച്ച്‌ലൈനിൽ നിന്ന് കൊണ്ട് കൂണ്ടെയുടെ ചെയിന്‍ അഴിക്കേണ്ടി വന്നിരുന്നു.

മഴവില്ല് ചിഹ്നമുള്ള ചെയിനാണോ കൂണ്ടെ പ്രദര്‍ശിപ്പിച്ചതെന്ന് മത്സരത്തിന് ശേഷം ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംസിനോട് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ മാലയിൽ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്ന് ദെഷാംസ് പറഞ്ഞു. കൂണ്ടെ അന്ധവിശ്വാസിയാണ്. പരിശീലനത്തിനിടെ പോലും താരം മാല ധരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ലോകകപ്പിലെ ഏതെങ്കിലും മത്സരങ്ങളിൽ വീണ്ടും ആഭരണം ധരിച്ചതിന് കൂണ്ടെ പിടിക്കപ്പെട്ടാൽ മഞ്ഞക്കാർഡ് അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടി വരും. 

'പോന്നോട്ടെ, ഓരോരുത്തരായി പോന്നോട്ടെ'; മെസിക്കൊപ്പം ചിത്രം വേണം, നീണ്ട ക്യുവുമായി ഓസ്ട്രേലിയൻ താരങ്ങള്‍