ടീമിന്‍റെ അസിസ്റ്റന്‍റ് മാനേജർ അറ്റിലിയോ ലെംപാർഡോയുടെ മൊട്ടത്തലയിൽ ഉമ്മ വച്ചാണ് ഇറ്റാലിയന്‍ താരങ്ങൾ കളത്തിലിറങ്ങാറുള്ളത്  

റോം: യൂറോ കപ്പില്‍ ഇത്തവണത്തെ ഫേവറൈറ്റുകളില്‍ ഒന്നാണ് ഇറ്റലി. പതിവ് പ്രതിരോധത്തിനൊപ്പം ആക്രമണവും രാകിമിനുക്കിയാണ് അസൂറിപ്പട ടൂർണമെന്‍റിനെത്തിയത്. കടലാസിലെ കരുത്ത് മൈതാനത്തുറപ്പാക്കി തോൽവിയറിയാതെ മുപ്പത്തിയൊന്നാം മത്സരം പൂർത്തിയാക്കി മുന്നേറുന്ന ഇറ്റലിയുടെ വിജയരഹസ്യം എന്താണ്. കളിക്കളത്തിന് പുറത്തെ കരുനീക്കങ്ങള്‍ക്കും വിജയക്കുതിപ്പില്‍ പങ്കുണ്ടെന്ന് ഇറ്റാലിയന്‍ ടീം വിശ്വസിക്കുന്നു. 

ഗോൾവലയ്ക്ക് മുന്നിൽ പാറപോലെ ഉറച്ച പ്രതിരോധനിരയും ആക്രമണത്തിലെ ഒത്തൊരുമയും പാസുകളിലെ കൃത്യതയും ഏത് കോണിലും കളി മെനയാൻ കഴിവുള്ള താരങ്ങളും സമ്മേളിക്കുന്നതാണ് കളിക്കളത്തിൽ അപരാജിതരായ ഇറ്റലിയുടെ ചേരുവകൾ. ഇക്കാര്യം യൂറോയില്‍ ഇതിനകം തെളിഞ്ഞുകഴിഞ്ഞു. എന്നാൽ കളത്തിന് പുറത്തുമുണ്ട് ഇറ്റലിയുടെ കുതിപ്പിന് പിന്നിലെ വിജയരഹസ്യങ്ങൾ.

ഫുട്ബോൾ എന്നാൽ ടീം ഗെയിമാണെന്ന് തെളിയിക്കുകയാണ് പരിശീലകന്‍ റോബർട്ടോ മാൻചീനി. 26 അംഗ ടീമിലെ എല്ലാവരും കോച്ച് റോബോട്ടോ മാൻചീനിയുടെ ഫസ്റ്റ് ചോയിസ് താരങ്ങളാണെന്നത് ഇറ്റലിയെ വേറിട്ടതാക്കുന്നു. മൂന്നാം നമ്പർ ഗോളി അലക്സ് മെററ്റ് ഒഴികെ എല്ലാവരും ഇത്തവണ കളത്തിലിറങ്ങിക്കഴിഞ്ഞു. 

1998ലെ ലോകകപ്പ് ജേതാവായ ഗോൾകീപ്പർ ഫാബിയൻ ബാർത്തെസിന്‍റെ മൊട്ടത്തലയിൽ ഉമ്മ വയ്ക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് ഫ്രഞ്ച് താരം ലോറന്‍റ് ബ്ലാങ്ക് വിശ്വസിച്ചിരുന്നു. ഇതേ ഭാഗ്യചുംബനത്തിൽ വിശ്വസിക്കുന്നവരാണ് ഇറ്റലി താരങ്ങളും. ടീമിന്‍റെ അസിസ്റ്റന്‍റ് മാനേജർ അറ്റിലിയോ ലെംപാർഡോയുടെ മൊട്ടത്തലയിൽ ഉമ്മവച്ചാണ് താരങ്ങൾ കളത്തിലിറങ്ങാറുള്ളത്. 

ഭാഗ്യചുംബനം പോലെ ഭാഗ്യചിഹ്നവും വിജയം സമ്മാനിക്കുന്നുവെന്നാണ് അസൂറികളുടെ വിശ്വാസം. ആട്ടിടയൻമാർക്ക് കാവലിരിക്കുന്ന നായ്ക്കുട്ടിയാണ് ഇറ്റലിയുടെ ഭാഗ്യചിഹ്നം. അതോടൊപ്പം 1990ലെ ലോകകപ്പിനായി ജിയോർജിയോ മൊറോഡർ ചിട്ടപ്പെടുത്തിയ ഗാനം ഇന്നും ഇറ്റാലിയൻ കളിക്കാരുടെയും ആരാധകരുടേയും സിരകളിൽ ആവേശം നിറയ്ക്കുന്നു. ആ ഗാനത്തെ ഒരു മന്ത്രമായി കരുതുന്ന ടീം ഓരോ വിജയത്തിന് ശേഷവും അത് പാടുന്നു.

വിജയരാവുകളിൽ പാട്ടുപോലെ മാറ്റിവയ്ക്കാനാവാത്തതാണ് പിസ പാർട്ടി. അപരാജിതരായി തിരിച്ചെത്തുന്ന താരങ്ങൾക്കായി വ്യത്യസ്മായ പിസകൾ ടീം മാനേജ്മെന്‍റ് തയ്യാറാക്കി വച്ചിരിക്കും. കളിക്കളത്തിനകത്തെയും പുറത്തേയും തന്ത്രങ്ങളും ഒത്തൊരുമയും ഇക്കുറി ഇറ്റലിക്ക് യൂറോ കിരീടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

കൂടുതല്‍ യൂറോ വാർത്തകള്‍...

യൂറോ: അസൂറിക്കുതിപ്പിന് തടയിടുമോ ബെല്‍ജിയം; രണ്ടാം ക്വാർട്ടറില്‍ വമ്പന്‍ പോരാട്ടം

സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ; യൂറോയിലെ ആദ്യ ക്വാർട്ടർ ഇന്ന് തീപാറും

സ്വിസ് പടയ്ക്ക് ഊര്‍ജ്ജമായ 'പേഴ്സണ്‍ ഓഫ് ഗെയിം' കാണിയെ കണ്ടെത്തി.!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona