ലണ്ടന്‍: കിംഗ്സ് കപ്പില്‍ പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനും കോച്ച് ഇഗോര്‍ സ്റ്റിമോക്കിനും ആശംസകളുമായി ബാലൻ ഡി ഓർ പുരസ്കാര ജേതാവും ക്രൊയേഷ്യന്‍ നായകനുമായ ലൂക്കാ മോഡ്രിച്ച്.

'അഭിനന്ദനങ്ങള്‍ കോച്ച്. നിങ്ങളുടെ പുതിയ യാത്രയില്‍ നിറയെ വിജയങ്ങള്‍ ഉണ്ടാകട്ടെ'. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനൊപ്പം ചേര്‍ന്ന് പുതിയ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കട്ടെയെന്നാണ് ആശംസ വീഡിയോയില്‍ ലുക്ക മോഡ്രിച്ച് വ്യക്തമാക്കുന്നത്. വീഡിയോ ഇന്ത്യന്‍ ഫുട്ബോള്‍ ടീം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്.

മുന്‍ ക്രൊയേഷ്യന്‍ ഫുട്ബോള്‍ താരമാണ് നിലവിലെ ഇന്ത്യന്‍ പരിശീലകനായ ഇഗോര്‍ സ്റ്റിമോക്ക്. 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോര്‍. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. 2012-2013 കാലത്ത് ക്രൊയേഷ്യയുടെ പരിശീലകനായും ഇഗോര്‍ തിളങ്ങി. ഇക്കാലത്ത് ലോക റാങ്കിംഗില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. കോണ്‍സ്റ്റന്‍റൈന്‍ രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമെത്തിയത്. 

നിലവില്‍ സ്പാനിഷ് ടീമായ റയലിനു വേണ്ടിയാണ് ലൂക്കാ മോഡ്രിച്ച് ബൂട്ട് കെട്ടുന്നത്. ലോകഫുട്ബോളര്‍ ബഹുമതിയടക്കം നേടിയ മിന്നും താരമാണ് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച്. റഷ്യൻ ലോകകപ്പിൽ ക്രോയേഷ്യയെ ഫൈനലിലേക്ക് നയിച്ച മോഡ്രിച്ച്, ഗോൾഡൺ ബോൾ പുരസ്കാരവും യൂറോപ്യൻ ഫുട്ബോളർ ഒഫ് ദ ഇയർ, ഫിഫ ബെസ്റ്റ് ഫുട്ബോളർ, ബാലൻ ഡി ഓർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.