തിരുവനന്തപുരം: ആൺകുട്ടികളുടെ ഫുട്ബോൾ കുത്തക പൊളിക്കാൻ ഒരു കൂട്ടം പെൺകുട്ടികൾ തയ്യാറെടുക്കുന്നു. തിരുവനന്തപുരം പൂവ്വാറിലാണ് ഫുട്ബോൾ കൊണ്ട് വിസ്മയം സൃഷ്ടിക്കാൻ 55 പെൺകുട്ടികൾ പരിശീലനം നടത്തുന്നത്.

മണൽപ്പരപ്പുകളെ തൊട്ടുതലോടി വിങ്ങിലൂടെ മുന്നേറി അലക്സ് മോർഗൻ, പന്തിനായി വിങ്ങിലൂടെ മേഗൻ റാപിനോ, മധ്യനിരയിൽ കളി മെനഞ്ഞ് അമാൻഡിനെ ഹെൻറി, പോസ്റ്റിലേക്ക് ചാട്ടുളി പോലെ ഷോട്ടെടുത്ത് മാർത്ത. ഗോൾവലയിൽ കൈകൾ വിരിച്ച് സാറാ ബൌഹാദി. വർ‍ഷയും, നിത്യയും, ജിമയുമെല്ലാം ബൂട്ട് കെട്ടിയാൽ ഈ പറഞ്ഞ അന്താരാഷ്ട്ര താരങ്ങളായി മാറും.

ഈ പെൺകുട്ടികൾക്ക് ഫുട്ബോൾ ലഹരിയാണ്. രണ്ട് വർഷമായി എസ്‌ബിഎഫ്എ പൂവ്വറിന് കീഴിൽ പരിശീലനം നടത്തുന്നു. മെസിയോടും ക്രിസ്റ്റ്യാനോയോടും ആരാധനയെങ്കിലും റോൾ മോഡൽ ഇന്ത്യയുടെ ബലാ ദേവി തന്നെ. തന്‍റെ കുട്ടികളിൽ വലിയ പ്രതീക്ഷയാണ് കോച്ചിനുള്ളത്.

യുകെജിയിൽ പഠിക്കുന്നവർ മുതൽ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളടക്കം 55 വിദ്യാർഥികൾ ഇവിടെ പരിശീലനം നടത്തുന്നുണ്ട്. രാജ്യത്തിനു വേണ്ടി ബൂട്ട് കെട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നവർ. കടലോളം പ്രതീക്ഷ ബൂട്ടിൽ ആവാഹിച്ച് ഓരോ തവണയും ഗോൾ പോസ്റ്റിലേക്ക് ലക്ഷ്യംവെക്കുകയാണിവര്‍. 

ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം; എതിരാളികള്‍ ബെംഗളൂരു