മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം. സീസണിലെ അഞ്ചാം മത്സരത്തിൽ അയലത്തെ വൈരികളായ ബെംഗളൂരു എഫ്സിയെ ബ്ലാസ്റ്റേഴ്സ് നേരിടും. രാത്രി 7.30നാണ് മത്സരം.

നാല് കളിയിൽ ഒന്നില്‍ പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. രണ്ട് വീതം തോൽവിയും സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്‍റാണുള്ളത്. നാല് കളിയിൽ ഒരു ജയവും മൂന്ന് സമനിലയും അടക്കം ആറ് പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്. ബ്ലാസ്റ്റേഴ്സ് നാല് കളിയിൽ മൂന്ന് ഗോളും ബെംഗളൂരു അഞ്ച് ഗോളുമാണ് നേടിയത്.

മലയാളി താരം ആഷിഖ് കുരുണിയന്‍ ബെംഗളൂരു ആദ്യ ഇലവനില്‍ ഉണ്ടാകും. ഇരുടീമുകളും തമ്മിലുള്ള ആറ് മത്സരങ്ങളില്‍ ഒന്നിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്‍റെയും ബിഎഫ്സിയുടെയും ആരാധകര്‍ തമ്മിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയിട്ടുള്ളതിനാല്‍ ഇരുടീമിനും മത്സരം അഭിമാനപ്പോരാട്ടമാകും.

നോര്‍ത്ത് ഈസ്റ്റ്-ചെന്നൈയിന്‍ പോരും ഇന്ന്

വൈകീട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യമത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ചെന്നൈയിന്‍ എഫ്സിയെ നേരിടും. അഞ്ച് കളിയിൽ രണ്ട് ജയവും മൂന്ന് സമനിലയും അടക്കം ഒന്‍പത് പോയിന്‍റാണ് നോര്‍ത്ത് ഈസ്റ്റിന് ഉള്ളത്. സീസണിൽ ഇതുവരെ നോര്‍ത്ത് ഈസ്റ്റ് തോൽവി അറിഞ്ഞിട്ടില്ല. നാല് കളിയിൽ ഏഴ് ഗോളാണ് നോര്‍ത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.

നാല് കളിയിൽ ഒരു ജയവും ഒരു സമനിലയും രണ്ട് തോൽവിയും അക്കൗണ്ടിലുള്ള ചെന്നൈയിന് നാല് പോയിന്‍റാണ് ഉള്ളത്. ജയിച്ചാൽ എടികെയെ പിന്തള്ളി രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ നോര്‍ത്ത് ഈസ്റ്റിന് കഴിയും. നിലവില്‍ 12 പോയിന്‍റുള്ള മുംബൈ സിറ്റിയാണ് ലീഗില്‍ ഒന്നാമത്. സെറ്റ് പീസുകളില്‍ പ്രതിരോധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ചെന്നൈയിന്‍ പരിശീലകന്‍ പറഞ്ഞു.

മാഡ്രിഡ് ഡര്‍ബി റയലിന്; മാഞ്ചസ്റ്റര്‍ നാട്ടങ്കം സമനിലയില്‍