പന്ത്രണ്ട് രാജ്യങ്ങൾ ഇതിനോടകം ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പ്ലേഓഫിൽ മത്സരിക്കുന്നത് പതിനാറ് ടീമുകൾ.

മിലാൻ: ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടാനുള്ള യൂറോപ്യൻ മേഖലയിലെ പ്ലേ ഓഫ് റൗണ്ടിൽ വമ്പൻ ടീമുകൾക്ക് ഇന്ന് ജീവൻ മരണ പോരാട്ടം. ഇറ്റലി, ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയവർ ലോകകപ്പ് പ്രതീക്ഷ നിലനിർത്താൻ ഇന്നിറങ്ങും. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി വേദിയാവുന്ന ഈവർഷത്തെ ലോകകപ്പിൽ യൂറോപ്പിൽ നിന്ന് കളിക്കുക 16 ടീമുകൾ.

പന്ത്രണ്ട് രാജ്യങ്ങൾ ഇതിനോടകം ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു. ശേഷിച്ച നാല് സ്ഥാനങ്ങൾക്കായി പ്ലേഓഫിൽ മത്സരിക്കുന്നത് പതിനാറ് ടീമുകൾ. നോക്കൗട്ട് രീതിയിലുള്ള രണ്ട് കളിയിൽ ജയിക്കുന്ന നാല് ടീമുകൾ ലോകകപ്പിന് യോഗ്യത നേടും. മുൻ ചാമ്പ്യൻമാരായ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ. അയർലൻഡ്, ചെക് റിപ്പബ്ലിക്കിനെയും ഡെൻമാർക്ക്, നോർത്ത് മാസിഡോണിയയെയും പോളണ്ട്, അൽബേനിയയെയും, സ്ലോവാക്യ, കൊസോവോയെയും, ഉക്രെയ്ൻ, സ്വീഡനെയും വെയ്ൽസ്, ബോസ്നിയ ആൻഡ് ഹെർസിഗോവിനയെയും നേരിടും.

എല്ലാ കളിയും തുടങ്ങുക ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്ക്. തുർക്കി രാത്രി പത്തരയ്ക്ക് തുടങ്ങുന്ന കളിയിൽ റൊമാനിയയുമായി ഏറ്റുമുട്ടും. തുടർച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുമോ എന്നാണ് ഫുട്ബോൾ ലോകത്തിന്‍റെ ആകാംക്ഷ. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ഐയിൽ മത്സരിച്ച ഇറ്റലി ആറ് ജയവും രണ്ട് തോൽവിയുമടക്കം 18 പോയിന്‍റുമായി നോർവേയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി.

ഇതോടെയാണ് ലോകകപ്പ് യോഗ്യതയ്ക്ക് പ്ലേ ഓഫ് കളിക്കാൻ നി‍ർബന്ധിതരായത്. ഇനിയുള്ള രണ്ട് കളിയും ജയിക്കുകയല്ലാതെ ഗെന്നാരോ ഗെറ്റൂസോയുടെ ഇറ്റലിക്ക് മുന്നിൽ മറ്റ് വഴികളൊന്നുമില്ല. നാല് തവണ ചാമ്പ്യൻമാരായിട്ടുള്ള ഇറ്റലി രണ്ട് തവണ റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക