യഥാർത്ഥ നാടകം അരങ്ങേറിയത് ഫൈനൽ വിസിലിന് ശേഷമാണ്. സ്പാനിഷ് താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ കടുത്ത നിരാശയിലായിരുന്ന അർജന്‍റീന താരങ്ങൾ സ്പാനിഷ് ബെഞ്ചിന് നേരെ തിരിയുകയായിരുന്നു.
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കിരീടം കൈവിട്ടതിന് പിന്നാലെ മൈതാനത്ത് വൻ സംഘർഷം. കളിക്ക് ശേഷം സ്പാനിഷ് താരങ്ങളുമായി അർജന്‍റീന കളിക്കാർ കൂട്ടത്തല്ലിന് മുതിർന്നതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കൈയാങ്കളിയിലേക്ക് മാറി. മത്സരത്തിനിടെ എന്‍സോ ഫെര്‍ണാണ്ടസിന് ലഭിച്ച ചുവപ്പ് കാർഡിന് പുറമെ, കളി കഴിഞ്ഞ് നടന്ന കൈയാങ്കളിക്കിടെ അർജന്‍റീനയ്ക്ക് രണ്ടാമതൊരു ചുവപ്പ് കാർഡ് കൂടി ലഭിച്ചെങ്കിലും നാടകീയ രംഗങ്ങൾക്കിടയിൽ പലരും ഇത് ശ്രദ്ധിച്ചില്ല.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എക്സ്ട്രാ ടൈമിന്‍റെ 106-ാം മിനിറ്റിൽ ബാഴ്സലോണ താരം ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ ചാമ്പ്യന്മാരായത് (1-0). ഇതോടെ ലയണൽ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കണ്ണീരിലവസാനിച്ചു. 2010-ന് ശേഷം സ്പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്.
മൈതാനം യുദ്ധക്കളമായി; ആരും കാണാത്ത ആ ചുവപ്പ് കാർഡ്
മത്സരത്തിന്‍റെ നിശ്ചിത സമയത്തെ ഇഞ്ചുറി ടൈമിൽ സ്പാനിഷ് ഡിഫൻഡർ പോ ക്യൂബാർസിയെ ക്രൂരമായി ഫൗൾ ചെയ്തതിന് അർജന്‍റീന മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. പത്തുപേരുമായാണ് അർജന്‍റീന എക്സ്ട്രാ ടൈം കളിച്ചത്. എന്നാൽ യഥാർത്ഥ നാടകം അരങ്ങേറിയത് ഫൈനൽ വിസിലിന് ശേഷമാണ്. സ്പാനിഷ് താരങ്ങൾ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ കടുത്ത നിരാശയിലായിരുന്ന അർജന്‍റീന താരങ്ങൾ സ്പാനിഷ് ബെഞ്ചിന് നേരെ തിരിയുകയായിരുന്നു.
അർജന്‍റീന താരം ലിയാൻഡ്രോ പാരെഡെസ് സ്പെയിനിന്‍റെ എറിക് ഗാർസിയ, ഗാവി എന്നിവരെ തള്ളിമാറ്റുകയും ഒരു സ്പാനിഷ് താരത്തിന്‍റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും ചെയ്തു. ഇതോടെ കളി കഴിഞ്ഞിട്ടും റഫറി പാരെഡെസിന് നേരിട്ട് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. നേരത്തെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയുടൻ സ്പാനിഷ് താരത്തെ ഫൗള്‍ ചെയ്തതിന് പാരഡൈസിന് റഫറി മഞ്ഞ കാര്‍ഡ് നല്‍കിയിരുന്നു.
മൈതാനത്തെ ബഹളത്തിനിടയിൽ ഈ രണ്ടാമത്തെ ചുവപ്പ് കാർഡ് പലരുടെയും ശ്രദ്ധയിൽ പെട്ടില്ല.അർജന്റീന കോച്ച് ലയണൽ സ്കലോണി സ്പാനിഷ് നിരയ്ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തപ്പോൾ സ്പാനിഷ് താരം അദ്ദേഹത്തെ തടഞ്ഞുനിർത്തുകയായിരുന്നു. ഇതിന് പിന്നാലെ അർജന്‍റീന പ്രതിരോധ താരം നിക്കോളാസ് ഒറ്റാമെൻഡി സ്പാനിഷ് താരം റോഡ്രിയുമായി മൈതാനത്ത് വെച്ച് വാക് പോരിലേർപ്പെടുകയും ചെയ്തു.
സ്പെയിനിന്‍റെ സമ്പൂർണ്ണ ആധിപത്യം; നിഷ്പ്രഭമായി അർജന്‍റീന
മത്സരത്തിലുടനീളം സ്പെയിൻ മികച്ച ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. അർജന്‍രീന പലപ്പോഴും ഫൗളുകളിലൂടെയാണ് സ്പാനിഷ് മുന്നേറ്റങ്ങളെ തടഞ്ഞത്. 120 മിനിറ്റ് നീണ്ട മത്സരത്തിൽ സ്പെയിൻ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ അർജന്‍റീനയ്ക്ക് സാധിച്ചില്ല എന്നത് അവരുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. എക്സ്ട്രാ ടൈമിൽ പെഡ്രോ പോറോ നൽകിയ ക്രോസ് നികോ വില്യംസ് ഹെഡ് ചെയ്ത് നൽകിയപ്പോൾ ഫെറാൻ ടോറസ് അത് അർജന്‍റീനൻ വലയിലേക്ക് തൊടുക്കുകയായിരുന്നു. ഈ ഗോൾ എന്‍റേതോ അല്ലെങ്കിൽ ടീമിലെ 26 കളിക്കാരുടേതോ മാത്രമല്ല, 4.7 കോടി വരുന്ന സ്പാനിഷ് ജനതയുടേതാണ്. ഫൈനലിൽ മെസിക്കെതിരെ കളിക്കുമ്പോൾ ചെറിയൊരു ഭയമുണ്ടാകുക സ്വാഭാവികമാണ്, എന്നാൽ ഞങ്ങളുടെ ഫുട്ബോളിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു-മത്സരശേഷം വിജയഗോളടിച്ച ഫെറാൻ ടോറസ് പറഞ്ഞു.
കായിക ലോകത്തിന്‍റെ മനം കവർന്ന് മെസിയും യമാലും
മത്സരശേഷം പരാജയഭാരത്താൽ മൈതാനത്ത് നിരാശനായി ഇരുന്ന ലയണൽ മെസ്സിയെ സ്പെയിനിന്‍റെ 19 കാരനായ യുവതാരം ലാമിൻ യമാൽ അരികിലെത്തി ആശ്വസിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തത് കായികപ്രേമികളുടെ മനസ് നിറയ്ക്കുന്ന കാഴ്ചയായി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ 80,663 കാണികളാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഫൈനലിന് സാക്ഷ്യം വഹിച്ചത്.
