ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്.

ഹൂസ്റ്റൺ: ലോകകപ്പ് കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ ഉറച്ചിറങ്ങുന്ന ബ്രസീലിന് ആദ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) മത്സരത്തിൽ കനത്ത വെല്ലുവിളി. ഏഷ്യൻ കരുത്തരായ ജപ്പാനാണ് കാനറികളുടെ എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി പത്തരയ്ക്ക് ഹൂസ്റ്റണിലാണ് ആരാധകര്‍ കാത്തിരിക്കുന്ന വമ്പന്‍ പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗ്രൂപ്പ് സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീൽ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ നയിക്കുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. പഴയ കളിശൈലിയുടെ അത്രയും അപ്രമാദിത്യം അവകാശപ്പെടാനില്ലെങ്കിലും, പരിമിതികൾ മറികടന്ന് ഒരു സംഘമായി മുന്നേറാൻ കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിന് സാധിക്കുന്നുണ്ട്. മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് ബ്രസീലിന്‍റെ ആത്മവിശ്വാസം കൂട്ടുന്നത്. വ്യക്തിഗത മികവിനെ ബ്രസീൽ അമിതമായി ആശ്രയിക്കുമ്പോൾ, മികച്ച ടീം സ്പിരിറ്റിലാണ് ജപ്പാന്‍റെ പ്രതീക്ഷകൾ. നെതർലൻഡ്സും സ്വീഡനുമുൾപ്പെട്ട കടുത്ത ഗ്രൂപ്പിൽ നിന്നും തോൽവിയറിയാതെയാണ് ജപ്പാൻ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.

കോച്ച് ഹാജിമെ മൊറിയാസുവിന് കീഴിൽ അതിവേഗ നീക്കങ്ങളും കൃത്യമായ പ്രെസ്സിങ് ഗെയിമും പുറത്തെടുക്കുന്ന ജപ്പാൻ ഏത് വമ്പന്മാരെയും വീഴ്ത്താൻ പോന്നവരാണ്. മൈതാനത്ത് എതിരാളികൾക്ക് ഒരിഞ്ചുപോലും ഇടം നൽകാതെയുള്ള ജപ്പാന്‍റെ വേഗക്കളിക്ക് തടയിടാൻ ആഞ്ചലോട്ടി ഒരുക്കുന്ന മറുതന്ത്രങ്ങളാവും മത്സരവിധി നിർണ്ണയിക്കുക.

സമീപകാല പ്രകടനങ്ങൾ ജപ്പാന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ഒടുവിൽ 2025 ഒക്ടോബറിൽ ഇരുടീമുകളും ഏറ്റുമുട്ടിയ സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്രസീലിനെ ജപ്പാൻ അട്ടിമറിച്ചിരുന്നു. ആ വിജയത്തിന്‍റെ ആവർത്തനമാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. എന്നാൽ ലോകകപ്പ് വേദികളിലെ ബ്രസീലിന്‍റെ പരിചയസമ്പത്ത് മറികടക്കുക അവർക്ക് എളുപ്പമാകില്ല. ഒരു വശത്ത് വിനീഷ്യസിന്‍റെ വേഗതയും മറുപുറത്ത് സമുറായ്കളുടെ വീര്യവും ഏറ്റുമുട്ടുമ്പോൾ മത്സരം പ്രവചനാതീതമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക