Asianet News MalayalamAsianet News Malayalam

നെയ്മറെ ആശ്വസിപ്പിച്ച് ക്രൊയേഷ്യൻ ഭാഗത്ത് നിന്നും ആ കുഞ്ഞുകൈകള്‍; കൈയ്യടിച്ച് കായിക ലോകം

ട്വിറ്ററിൽ ഫുട്ബോള്‍ പ്രേമികള്‍ സ്പോര്‍ട്സ്മാന്‍ഷിപ്പിന്‍റെ മകുട ഉദാഹരണമായ ഈ നിമിഷത്തിൽ  പെരിസിച്ചിന്‍റെ മകനെ അഭിനന്ദിക്കുകയാണ്. 

World Cup News Croatian player's son ran across the field to console Neymar after Brazil was knocked out
Author
First Published Dec 10, 2022, 9:52 AM IST

ദോഹ: ബ്രസീലിന്‍റെ തോല്‍വിയില്‍ തകര്‍ന്നു നിന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ എത്തിയത് കൊച്ചുകൈകള്‍. അതും എതിര്‍ടീമിലെ താരത്തിന്‍റെ മകന്‍. മത്സരശേഷം മിഡ്ഫീൽഡിൽ നെയ്മർ  നിൽക്കുമ്പോഴാണ് ക്രൊയേഷ്യൻ ആഘോഷത്തിൽ നിന്ന് ഒരു കൊച്ചുകുട്ടി നെയ്മറെ സമീപിച്ച് ആശ്വസിപ്പിച്ചത്. ക്രൊയേഷ്യൻ വിങ്ങർ ഇവാൻ പെരിസിച്ചിന്റെ മകനായിരുന്നു ഇത്, തന്റെ ആഹ്ലാദപ്രകടനത്തിൽ നിന്ന് മാറിനിന്ന് നെയ്മറെ ആശ്വസിപ്പിച്ചാണ് ഈ കൊച്ചു ഫുട്ബോള്‍ ആരാധകന്‍ മടങ്ങിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. 

ട്വിറ്ററിൽ ഫുട്ബോള്‍ പ്രേമികള്‍ സ്പോര്‍ട്സ്മാന്‍ഷിപ്പിന്‍റെ മകുട ഉദാഹരണമായ ഈ നിമിഷത്തിൽ  പെരിസിച്ചിന്‍റെ മകനെ അഭിനന്ദിക്കുകയാണ്. ബ്രസിലീനെ പെനാള്‍ട്ടി ഷൂട്ടൌട്ടില്‍ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പ് സെമിയില്‍ എത്തിയത്. 2018 റഷ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. 

അതേ സമയം ക്രൊയേഷ്യയ്ക്കെതിരായ പരാജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകരെ കരയിപ്പിക്കുകയാണ് ബ്രസീല്‍ താരം നെയ്മര്‍. പരാജയത്തിന്‍റെ ഭാരം താങ്ങാനാവാതെ മൈതാനത്ത് പൊട്ടിക്കരയുന്ന നെയ്മറിനെയും ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന സഹതാരങ്ങളുമാണ് ബ്രസീല്‍ ക്രൊയേഷ്യ മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. അധിക സമയത്ത് ഗോളടിച്ച് ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും സെമി പ്രതീക്ഷ അവസാനിച്ചതിന്‍റെ ദുഖം ഉള്ളിലൊതുക്കാനാവാതെയായിരുന്നു താരത്തിന്‍റെ വിങ്ങിപ്പൊട്ടല്‍.

അധിക സമയത്ത് നെയ്മര്‍ അടിച്ച ഗോള്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു ബ്രസീലിനും ആരാധകര്‍ക്കും. ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റി മിസ് ആക്കുകയും ക്രൊയേഷ്യന്‍ താരങ്ങള്‍ സ്കോര്‍ ചെയ്യുകയും ചെയ്തതോടെയാണ് കാനറികള്‍ നോക്കൌട്ട് മത്സരത്തില്‍ പുറത്തായത്. ഖത്തര്‍ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്നു അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍. സാധാരണ നിലയില്‍ അവസാന പെനാല്‍റ്റി എടുക്കാനെത്തുന്ന നെയ്മറിന് ഇത്തവണ പെനാല്‍റ്റിക്കുള്ള അവസരം പോലും ലഭിച്ചിരുന്നില്ല.

അവസാന ലോകപ്പാവും ഖത്തറിലേതെന്ന നേരത്തെ നെയ്മറും സൂചിപ്പിച്ചിരുന്നു. ഗോള്‍ നേട്ടങ്ങളില്‍ പെലെയ്ക്ക് ഒപ്പമെത്തിയെങ്കിലും മത്സരശേഷം വിങ്ങിക്കരയുന്ന നെയ്മറെ ആശ്വസിപ്പിക്കാന്‍ തിയാഗോ സില്‍വയക്കോ ഡാനി ആല്‍വിനോ സാധിക്കാതെ വന്നത് ആരാധകരേയും വിഷമത്തിലാഴ്ത്തി. ബ്രസീലിന് വേണ്ടി 124 മത്സരങ്ങളില്‍ നിന്നായി 77 ഗോളുകളാണ് നെയ്മര്‍ നേടിയത്.   

നെയ്‌മറുടെ മിന്നും ഗോളിന് മറുപടിയായി 10 മിനുറ്റിന്‍റെ ഇടവേളയില്‍ ബ്രൂണോ പെറ്റ്‌കോവിച്ച് ലോംഗ് റേഞ്ചര്‍ ഗോള്‍ നേടിയതോടെയാണ് കളി നാടകീയമായി ഷൂട്ടൗട്ടിലേക്കെത്തിയത്. ഇരു ഗോളുകളും എക്‌സ്‌ട്രാ ടൈമിലായിരുന്നു. ആദ്യ കിക്ക് വ്ളാസിക് ഗോളാക്കിയതോടെ സമ്മര്‍ദ്ദം ബ്രസീലിനായി. ബ്രസീലിനായി ആദ്യ കിക്കെടുക്കാന്‍ എത്തിയത് യുവതാരം റോഡ്രിഗോയാണ്. പെനാല്‍റ്റി ഷൂട്ടൗട്ടിന്‍റെ സമ്മര്‍ദ്ദം താങ്ങാനുള്ള കരുത്ത് റോഡ്രിഗോയുടെ കാലിനില്ലായിരുന്നു. റോഡ്രിയുടെ കിക്ക് ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് രക്ഷപ്പെടുത്തിയതോടെ ബ്രസീല്‍ സമ്മര്‍ദ്ദത്തിന്‍റെ മുള്‍മുനയിലായി. പിന്നീടെല്ലാം ക്വാര്‍ട്ടര്‍ വരെ തങ്ങളെ കാത്ത അലിസണ്‍ ബെക്കറുടെ കൈകളില്‍. എന്നാല്‍ ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത ലോവ്‌റോ തന്‍റെ കിക്ക് ഗോളാക്കി. ബ്രസീലിനായി രണ്ടാം കിക്കെടുത്ത കാസിമെറോയും ശക്തമായ ഒരു ഷോട്ടിലൂടെ വല കുലുക്കി.

ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുക്കാന്‍ എത്തിയത് നായകന്‍ ലൂക്കാ മോഡ്രിച്ചാണ്. പരിചയസമ്പത്തും കരുത്തും ഒത്തുചേര്‍ന്ന മോഡ്രിച്ചിന്‍റെ കിക്ക് തടയാന്‍ അലിസണ് കഴിഞ്ഞില്ല. സ്കോര്‍ 3-1. ബ്രസീലിന്‍റെ മൂന്നാം കിക്കെടുത്തത് യുവതാരം പെഡ്രോ. പിഴവേതുമില്ലാതെ പെഡ്രോ ഗോള്‍ നേടിയതോടെ ബ്രസീലിന് പ്രതീക്ഷയായി. ക്രൊയേഷ്യയുടെ നിര്‍ണായക നാലാം കിക്കെടുക്കാന്‍ എത്തിയത് മിസ്ലാവ് ഓര്‍സിച്ച്. നാലാം കിക്കും ഓര്‍സിച്ച് ഗോളാക്കിയതോടെ സമ്മര്‍ദ്ദം മുഴുവന്‍ ബ്രസീലിന്‍റെ കാലുകളിലായി. ബ്രസീലിന്‍റെ നാലാം കിക്കെടുക്കാന്‍ എത്തിയത് പ്രതിരോധനിരയിലെ വിശ്വസ്തന്‍ മാര്‍ക്വിഞ്ഞോസ്. മാര്‍ക്വീഞ്ഞോസ് എടുത്ത നിര്‍ണായക നാലാം കിക്ക് പോസ്റ്റില്‍ തട്ടിമടങ്ങിയതോടെ ഒരിക്കല്‍ കൂടി ക്വാര്‍ട്ടര്‍ കടമ്പ കടക്കാനാവാതെ ബ്രസീല്‍ മടങ്ങുകയായിരുന്നു.

ഇതാണ് ക്യാപ്റ്റന്‍! മെസി വിജമാഘോഷിച്ചത് ഗ്രൗണ്ടില്‍ ഏകനായ എമി മാര്‍ട്ടിനസിനൊപ്പം- വൈറല്‍ വീഡിയോ

Follow Us:
Download App:
  • android
  • ios