സെപ്റ്റംബറില്‍ സാവോപോളോയില്‍ നടന്ന മത്സരം, കൊവിഡ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ബ്രസീലിയന്‍ ആരോഗ്യവകുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു.
റിയൊ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തടസപ്പെട്ട ബ്രസീല്‍ അര്‍ജന്റീന (Braziത vs Argentina) മത്സരം വീണ്ടും നടത്തും. സെപ്റ്റംബറില്‍ സാവോപോളോയില്‍ നടന്ന മത്സരം, കൊവിഡ് ചട്ടലംഘനം ചൂണ്ടിക്കാട്ടി ബ്രസീലിയന്‍ ആരോഗ്യവകുപ്പ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുകയും യാത്രാവിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നാല് അര്‍ജന്റൈന്‍ താരങ്ങളെ വിലക്കുകയായിരുന്നു.
പ്രീമിയര്‍ ലീഗില്‍ (EPL) കളിക്കുന്ന എമിലിയാനോ ബുവേണ്ടിയ, എമിലിയാനോ മാര്‍ട്ടിനെസ്, ജിയോവാനി ലൊ സെല്‍സോ, ക്രിസ്റ്റിയന്‍ റൊമേറൊ എന്നിവരെയാണ് വിലക്കിയത്. മത്സരനടത്തിപ്പുമായി ബന്ധപ്പെട്ട ഫിഫ ചട്ടങ്ങള്‍ ലംഘിച്ചതിന് അര്‍ജന്റീനനന്‍ ഫുട്‌ബോള്‍ അസോസിയേഷന് 2,70,000 ഡോളറും ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് 6 ലക്ഷം ഡോളറും പിഴ ചുമത്തി.
മത്സരം എന്ന് നടത്തുമെന്നോ പുതിയ വേദിയേതെന്നോ ഫിഫ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം മത്സരം നടക്കാനാണ് സാധ്യത. ബ്രസീലും അര്‍ജന്റീനയും നേരത്തെ തന്നെ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. ബാക്കിയുള്ള ടീമുകളെല്ലാം 16 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ബ്രസീലും അര്‍ജന്റീനയും 15 മത്സരങ്ങളാണ് കളിച്ചത്.
39 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. 35 പോയിന്റോടെ അര്‍ജന്റീന രണ്ടാമത്. ലോകകപ്പ് യോഗ്യതയില്‍ ദക്ഷിണ അമേരിക്ക മേഖലയില്‍ തോല്‍വി അറിയാത്ത രണ്ട് ടീമുകള്‍ അര്‍ജന്റീനയും ബ്രസീലുമാണ്.
