പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ താരം സിനദീന്‍ സിദാന്‍ തിരിച്ചെത്തുന്നതായി സ്‌കൈ സ്‌പോര്‍ട്‌സ് അടക്കമുള്ള പ്രമുഖ കായിക വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പരിശീലകന്‍റെ പ്രഖ്യാപനം ഉടനുണ്ടായേക്കും എന്ന് സ്‌പാനിഷ് മാധ്യമങ്ങളും പറയുന്നു.

മാഡ്രിഡ്: മുടന്തിനീങ്ങുന്ന സീസണില്‍ ആരാധകര്‍ക്ക് സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്‍റെ സര്‍പ്രൈസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് ഇതിഹാസ താരം സിനദീന്‍ സിദാന്‍ തിരിച്ചെത്തുന്നതായി സ്‌കൈ സ്‌പോര്‍ട്‌സ് അടക്കമുള്ള പ്രമുഖ കായിക വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ പരിശീലകന്‍റെ പ്രഖ്യാപനം ഉടനുണ്ടായേക്കും എന്ന് സ്‌പാനിഷ് മാധ്യമങ്ങളും പറയുന്നു.

നിലവിലെ പരിശീലകന്‍ സൊളാരിയെ പുറത്താക്കിയാണ് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച പരിശീലകന് റയല്‍ വീണ്ടും വഴിയൊരുക്കുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ക്ലബിനെ കിരീടനേട്ടത്തിലെത്തിച്ച ശേഷം അപ്രതീക്ഷിതമായി സിദാന്‍ റയല്‍ വിടുകയായിരുന്നു. റയല്‍ മാഡ്രിഡ് ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങള്‍ സൊളാരിയും സിദാനുമായി കൂടിക്കാഴ്‌ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

സീസണില്‍ മോശം പ്രകടനമാണ് റയല്‍ തുടരുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അയാക്‌സിനോട് തോറ്റ് പുറത്തായി. കോപ്പാ ഡെല്‍റേയിലും നേരത്തെ മടങ്ങേണ്ടിവന്നു. ലാ ലിഗയില്‍ ചിരവൈരികളായ ബാഴ്‌സലോണയ്ക്ക് 12 പോയിന്‍റുകള്‍ പിന്നിലാണ് റയലിപ്പോള്‍. പരിശീലക സ്ഥാനത്തേക്ക് ഹോസെ മൗറീഞ്ഞോയെ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.