ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ പരാജയം രുചിച്ചതിന് പിന്നാലെ സിദാന്‍ പടിയിറങ്ങുന്നതായാണ് ദ് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയും സ്‌പാനിഷ് മാധ്യമങ്ങളുടേയും റിപ്പോര്‍ട്ട്.

മാഡ്രിഡ്: പരിശീലകനായി റയല്‍ മാഡ്രിഡില്‍ സിനദീന്‍ സിദാന്‍റെ രണ്ടാം അധ്യായത്തിന് വിരാമമായതായി റിപ്പോര്‍ട്ട്. ലാ ലീഗയിലും ചാമ്പ്യന്‍സ് ലീഗിലും റയല്‍ പരാജയം രുചിച്ചതിന് പിന്നാലെ സിദാന്‍ പടിയിറങ്ങുന്നതായാണ് ദ് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങളുടെയും സ്‌പാനിഷ് മാധ്യമങ്ങളുടേയും റിപ്പോര്‍ട്ട്. എന്നാല്‍ റയല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 

ക്ലബ് വിടുകയാണെന്ന് സിദാന്‍ താരങ്ങളെയും കോച്ചിംഗ് സ്റ്റാഫിനെയും അറിയിച്ചതായി ദ് ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം വരും മണിക്കൂറുകളില്‍ ഉണ്ടായേക്കും എന്ന് സൂചനയുണ്ട്. റയലിന്‍റെ മുന്‍താരം കൂടിയായ സിദാന് 2022 വരെയാണ് ക്ലബില്‍ കരാറുണ്ടായിരുന്നത്. 

റയലില്‍ 2016 ജനുവരി മുതല്‍ 2018 മെയ് വരെയായിരുന്നു പരിശീലകനായി സിദാന്‍റെ ആദ്യ ഊഴം. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന റെക്കോര്‍ഡും ഒരു ലാ ലീഗ കിരീടവും നേടി സിദാന്‍ റയലിലേക്ക് പരിശീലകനായുള്ള ഒന്നാം വരവ് ആവേശമാക്കി. സാന്‍റിയാഗോ സൊളാരിക്ക് പകരക്കാരനായി 2019 മാര്‍ച്ചില്‍ സിദാന്‍ റയലില്‍ തിരിച്ചെത്തി. 2019-20 സീസണില്‍ ലാ ലീഗ കിരീടവും സ്‌പാനിഷ് സൂപ്പര്‍ കപ്പും നേടിയെങ്കിലും ഈ സീസണില്‍ പൂര്‍ണ നിരാശയായി ഫലം.

ലാ ലീഗയില്‍ നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനോട് കിരീടപ്പോരില്‍ അടിയറവ് പറഞ്ഞപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്‍സിയോട് തോറ്റ് പുറത്തായി. മുന്‍നിര താരങ്ങളുടെ പരിക്കും സീസണില്‍ റയലിന്‍റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ 11 സീസണിനിടെ ആദ്യമായി ഒരു കിരീടമില്ലാതെ സ്‌പാനിഷ് വമ്പന്‍മാര്‍ കിതക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona