ലീഗില്‍ സെവിയ്യക്കെതിരായ മത്സരത്തിന് ശേഷം സിദാന്‍ താരങ്ങളോട് ഔദ്യോഗികമായി യാത്ര പറഞ്ഞിരുന്നുവെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാഡ്രിഡ്: സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ ക്ലബ് വിട്ടേക്കും. സിദാന്‍ തന്റെ തീരുമാനം ക്ലബ് അധികൃതര അറിയിച്ചുവെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ലീഗില്‍ സെവിയ്യക്കെതിരായ മത്സരത്തിന് ശേഷം സിദാന്‍ താരങ്ങളോട് ഔദ്യോഗികമായി യാത്ര പറഞ്ഞിരുന്നുവെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയോട് പരാജയപ്പെട്ടതോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു. 

2016ല്‍ ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത സിദാന് മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ചു. 2018ല്‍ ക്ലബുമായി പിരിഞ്ഞ സിദാന്‍ അടുത്ത സീസണില്‍ വീണ്ടും മാഡ്രിഡിലെത്തുകയായിരുന്നു. റയല്‍ വിടുകയാണെങ്കില്‍ സിദാന്‍ തന്റെ പഴയ ക്ലബായ യുവന്റസിലെത്തുമെന്നും വാര്‍ത്തകളുണ്ട്. സിദാന് പകരം റയലിന്റെ യൂത്ത് ടീം കോച്ച് റൗള്‍ ഗോള്‍സാലസ് പരിശീലകനായേക്കും. മുന്‍ യുവന്റസ് പരിശീലകന്‍ മാസിമില്യാനോ അല്ലെഗ്രിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ജര്‍മന്‍ പരിശീലകന്‍ ജോവാക്വിം ലോയും പരിഗണിക്കപ്പെടുന്നുണ്ട്.

അല്ലെഗ്രിയെ ടീമിലെത്തിക്കാന്‍ റയല്‍ മുമ്പും ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് യുവന്റസുമായി കരാറുള്ളതിനാല്‍ അന്ന് അല്ലെഗ്രി ഇറ്റലിയില്‍ തുടരുകയായിരുന്നു. എന്നാലിപ്പോല്‍ അല്ലെഗ്രിക്ക് ഏതെങ്കിലും ക്ലബുമായി കരാറില്ല. അതുകൊണ്ടുതന്നെ അല്ലെഗ്രിക്ക് സാധ്യതയേറെയാണ്.