അതിശക്തമായ തണുപ്പ് പലപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പ്രശ്നമാകാറുണ്ട്, ലാപ്‌ടോപ്പിന്‍റെ കാര്യവും വ്യത്യസ്തമല്ല

തണുപ്പ് നമ്മുടെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക്, പ്രത്യേകിച്ച് ലാപ്‌ടോപ്പുകൾക്ക് വെല്ലുവിളിയാണ്. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ നിങ്ങളുടെ ലാപ്‌ടോപ്പിന് വലിയ കേടുപാടുകൾ സംഭവിക്കാം. തണുപ്പുകാലത്ത് ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് അറിയാം.

തണുത്ത ഊഷ്മാവിൽ ലാപ്ടോപ്പ് സൂക്ഷിക്കരുത്

ശൈത്യകാലത്ത് താപനില വളരെ കുറയും. അപ്പോൾ നിങ്ങളുടെ ലാപ്‌ടോപ്പ് ഒരു തണുത്ത മുറിയിലോ കാറിലോ ദീർഘനേരം സൂക്ഷിക്കുകയാണെങ്കിൽ അതിനുള്ളിൽ ഈർപ്പം ഘനീഭവിച്ചേക്കാം. ഈ ഈർപ്പം ലാപ്‌ടോപ്പിന്‍റെ സർക്യൂട്ടുകളെ ഷോർട്ട് ചെയ്യുകയും ഉപകരണത്തിന് കേടുവരുത്തുകയും ചെയ്യും. ലാപ്‌ടോപ്പ് എപ്പോഴും സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാൻ ശ്രമിക്കുക.

ഉടൻ ഓണാക്കരുത്

തണുത്ത അന്തരീക്ഷത്തിൽ നിന്നും അൽപ്പം ചൂടുള്ള പ്രദേശത്തേക്ക് ലാപ്‌ടോപ്പിനെ നിങ്ങൾ പെട്ടെന്ന് കൊണ്ടുവരുകയാണെങ്കിൽ, ഉടൻ തന്നെ പവർ ബട്ടൺ അമർത്തി അത് ഓണാക്കരുത്. കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ കാത്തിരിക്കുക. നിങ്ങളുടെ ലാപ്‌ടോപ്പിനെ നിലവിലെ താപനിലയിലേക്ക് ക്രമീകരിക്കാൻ അനുവദിക്കുക.

ഹീറ്ററിന് സമീപം ലാപ്‌ടോപ്പ് സൂക്ഷിക്കരുത്

ശൈത്യകാലത്ത് ഹീറ്ററുകളുടെ ഉപയോഗം സാധാരണമാണ്. എന്നാൽ ലാപ്‌ടോപ്പ് ഹീറ്ററിന് അടുത്ത് വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഹീറ്ററിന് സമീപം ലാപ്‌ടോപ്പ് സൂക്ഷിക്കുന്നത് മൂലം ലാപ്‌ടോപ്പിനുള്ളിലെ താപനില പെട്ടെന്ന് വർധിക്കും. ഇത് ബാറ്ററിക്കും മദർബോർഡിനും കേടുവരുത്തും.

വെന്‍റിലേഷൻ ശ്രദ്ധിക്കുക

ശൈത്യകാലത്ത്, ആളുകൾ ശരീരത്തിലെ ചൂട് നിലനിർത്താൻ പുതപ്പുകളും മറ്റും ഉപയോഗിക്കുന്നു. പക്ഷേ ലാപ്‌ടോപ്പ് പുതപ്പിനടിയിൽ വച്ചുകൊണ്ട് ഒരിക്കലും പ്രവർത്തിപ്പിക്കരുത്. ഇത് വെൻ്റിലേഷൻ തടസപ്പെടുത്തുകയും ലാപ്ടോപ്പ് അമിതമായി ചൂടാകുകയും ചെയ്യും. ലാപ്‌ടോപ്പ് എപ്പോഴും കട്ടിയുള്ളതും പരന്നതുമായ പ്രതലത്തിൽ വയ്ക്കുക.

തണുത്ത കാലാവസ്ഥയിൽ യാത്ര ചെയ്യുമ്പോൾ

യാത്ര ചെയ്യുമ്പോഴാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടുക. താപനില വളരെ താഴെയാകുന്ന സമയത്ത് യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നന്നായി പാഡുള്ളതും ഇൻസുലേറ്റ് ചെയ്തതുമായ ഒരു കെയ്‌സിൽ സൂക്ഷിക്കുക.

സ്റ്റാറ്റിക് ചാർജിൽ നിന്ന് സംരക്ഷിക്കുക

ശൈത്യകാലത്ത്, വരണ്ട വായു കാരണം സ്റ്റാറ്റിക് ചാർജ് വർധിക്കുന്നു. ഇത് ലാപ്ടോപ്പ് ഹാർഡ്‍വെയറിനെ നശിപ്പിക്കും. ഈ സമയം ലാപ്‌ടോപ്പ് ഉപയോഗിക്കുമ്പോൾ ആന്‍റി സ്റ്റാറ്റിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

Read more: വൻ വിലക്കിഴിവിൽ ഐഫോൺ 16 പ്രോ; എങ്ങനെ വാങ്ങിക്കാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം