കൊറോണ വൈറസ് അല്ലെങ്കില്‍ കോവിഡ് 19 മൂലം ഐഫോണ്‍ വിതരണത്തെയും വരുമാനത്തെയും ബാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കി. ഐഫോണ്‍ വിതരണത്തെ കൊറോണ വൈറസ് കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. വൈറസ് അനിയന്ത്രിതമായി പടരുന്നതു മൂലം കമ്പനിയുടെ ചൈനയിലെ നിരവധി ഫാക്ടറികള്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കു താല്‍ക്കാലികമായി അടച്ചു. നീണ്ട അവധി ദിവസങ്ങള്‍ക്ക് ശേഷം ഈ മാസം തുറന്ന ചില ഫാക്ടറികളാവട്ടെ ഒപ്റ്റിമല്‍ ശേഷിയേക്കാള്‍ കുറഞ്ഞ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പലേടത്തും ആവശ്യത്തിന് തൊഴിലാളികള്‍ ഓഫീസുകളില്‍ എത്തിയിട്ടില്ല. ഐഫോണുകളുടെ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമാണ് ചൈന. പകര്‍ച്ചവ്യാധി ഐഫോണുകളുടെ ഉല്‍പാദനത്തെ ബാധിച്ചത് ആപ്പിളിന്റെ ത്രൈമാസ വരുമാനത്തെയും കാര്യമായി ബാധിക്കും.

'ലോകമെമ്പാടുമുള്ള ഐഫോണ്‍ വിതരണം താല്‍ക്കാലികമായി നിയന്ത്രിക്കും,' കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഐഫോണ്‍ നിര്‍മ്മിക്കുന്ന എല്ലാ ഫാക്ടറികളും കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ഹ്യൂബി പ്രവിശ്യയ്ക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ഫാക്ടറികള്‍ പോലും സാവധാനത്തില്‍ വൈറസിന്റെ പിടിയിലേക്കു വളരുകയാണെ ആശങ്കയും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രാദേശിക അധികാരികള്‍ അവധി കൂടുതല്‍ നല്‍കിയതിനാല്‍ ഫാക്ടറികള്‍ കൂടുതലും ജനുവരിയില്‍ അടച്ചിരുന്നു.

ഫാക്ടറികളില്‍ വേണ്ടത്ര ഐഫോണുകള്‍ നിര്‍മ്മിക്കാതിരിക്കുന്നതും ചൈനയിലെ കടകളും സ്‌റ്റോറുകളും അടച്ചുപൂട്ടുന്നതിലൂടെയും വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന് ആപ്പിള്‍ അഭിപ്രായപ്പെടുന്നു. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെ, മിക്ക ചൈനീസ് നഗരങ്ങളിലും പങ്കാളി സ്‌റ്റോറുകള്‍ ഉള്‍പ്പെടെ മിക്കവാറും എല്ലാ ആപ്പിള്‍ സ്‌റ്റോറുകളും അടച്ചിരുന്നു. നേരത്തെ തുറന്നിരുന്ന സ്‌റ്റോറുകള്‍ പോലും കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് തുറക്കുന്നത്.

തങ്ങളുടെ ബിസിനസിനെ തടസ്സപ്പെടുത്തുന്നത് താല്‍ക്കാലികമാണെന്ന് വിശ്വസിക്കുന്നതായും ആപ്പിള്‍ കുറിപ്പില്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യമാണ് പ്രഥമ പരിഗണനയെന്നും വരുമാനമല്ലെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു. 'ഞങ്ങളുടെ ജീവനക്കാര്‍, സപ്ലൈ ചെയിന്‍ പങ്കാളികള്‍, ഉപഭോക്താക്കള്‍, ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റികള്‍ എന്നിവരുടെ ആരോഗ്യവും സുരക്ഷയുമാണ് ഞങ്ങളുടെ ആദ്യത്തെ മുന്‍ഗണന. ഈ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയെ നേരിടുന്ന മുന്‍നിരയിലുള്ളവരോടാണ് ഞങ്ങളുടെ അഗാധമായ നന്ദി, 'കമ്പനി പറയുന്നു.