അടുത്ത ഐഫോണ്‍ സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ പതിവിലും അല്‍പ്പം കാത്തിരിക്കേണ്ടിവരും. ഐഫോണ്‍ 12 സെപ്തംബറില്‍ ഉണ്ടാകില്ലെന്ന് ആപ്പിള്‍ ഒടുവില്‍ സ്ഥിരീകരിച്ചു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഫോണ്‍ 12 സീരീസ് അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. സാധാരണഗതിയില്‍ ആപ്പിളിന്റെ പുതിയ മോഡല്‍ സെപ്തംബറിലാണ് എത്തുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ അനിശ്ചിതാവസ്ഥയും ഫാക്ടറയിലെ ജീവനക്കാരുടെ വലിയ കുറവുമാണ് പ്രതിസന്ധിക്കു പിന്നില്‍. ചൈനയിലെ പല ഫാക്ടറികളും അടച്ചത് ആപ്പിളിനെ സാരമായി ബാധിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്ക മാസ്ട്രി പുതിയ ഐഫോണുകളുടെ റിലീസ് ഏതാനും ആഴ്ചകള്‍ വൈകിയതായി ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിള്‍ തങ്ങളുടെ പുതിയ സെറ്റ് ഐഫോണുകളും മറ്റ് ആപ്പിള്‍ ഉപകരണങ്ങളും സെപ്റ്റംബറില്‍ എല്ലായിടത്തും പുറത്തിറക്കുന്ന പതിവ് ഇത്തവണ മാറുമെന്നാണ് ലൂക്ക വെളിപ്പെടുത്തിയത്. ഈ വര്‍ഷവും സെപ്റ്റംബര്‍ 8, ഒക്ടോബര്‍ 27 തീയതികളില്‍ പുതിയ ഉപകരണങ്ങളുമായി വരുമെന്ന് അനുമാനിക്കപ്പെട്ടിരുന്നുവെങ്കിലും ഇത് ഉണ്ടാകില്ല.

ആപ്പിള്‍ ഈ പ്രവണത പിന്തുടരാതിരിക്കുന്നത് ഇതാദ്യമല്ല. സെപ്റ്റംബറില്‍ ഐഫോണ്‍ 8 സീരീസ് പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ക്കുശേഷം 2017 നവംബറില്‍ ഐഫോണ്‍ എക്‌സും എത്തി. ആപ്പിള്‍ ഐഫോണ്‍ 8 സീരീസിന്റെ ലോഞ്ചിംഗിനിടെ ഐഫോണ്‍ എക്‌സുമായി വരുന്നതായി ആപ്പിള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആ വര്‍ഷം നവംബര്‍ വരെ അത് പുറത്തിറക്കിയില്ല. അതുപോലെ, ഐഫോണ്‍ എക്‌സ്എസും ഐഫോണ്‍ എക്‌സ്എസ് മാക്‌സും 2018 സെപ്റ്റംബറില്‍ അവതരിപ്പിച്ചതിനു ശേഷം ഐഫോണ്‍ എക്‌സ്ആറും പുറത്തിറക്കുകയും ചെയ്തു.

ഐഫോണ്‍ 12 സീരീസ് ആപ്പിള്‍ വിപണിയിലെത്തിയെന്ന അഭ്യൂഹവും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഈ ആഴ്ച ആദ്യം, ആപ്പിളിന്റെ 5 ജി ഐഫോണ്‍ റിലീസിന്റെ കാലതാമസത്തെക്കുറിച്ച് ചിപ്പ് മേക്കര്‍ ക്വാല്‍കോം സൂചന നല്‍കിയിരുന്നു. ക്വാല്‍കോം അതിന്റെ മൂന്നാംപാദ വരുമാന റിപ്പോര്‍ട്ടില്‍, ആഗോള 5 ജി മുന്‍നിര ഫോണ്‍ ആരംഭത്തിന്റെ കാലതാമസം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആപ്പിളിന്റെ പേര് പറയുന്നില്ലെങ്കിലും ആപ്പിളാണ് അതെന്ന് ഊഹിക്കാവുന്ന നിരവധി തെളിവുകളുണ്ട്. ആപ്പിളും ക്വാല്‍കോമും 4.5 ബില്യണ്‍ ഡോളറിന്റെ ഇടപാടില്‍ നേരത്തെ ഏര്‍പ്പെട്ടിരുന്നു. ആപ്പിള്‍ അതിന്റെ വരാനിരിക്കുന്ന ഉപകരണങ്ങള്‍ക്കായി ക്വാല്‍കോമിന്റെ 5 ജി മോഡമാണ് ഉപയോഗിക്കുന്നത്. പുതിയ ഐഫോണുകള്‍ പുറത്തിറങ്ങുന്നതിലെ കാലതാമസവും ക്വാല്‍കോമിന്റെ ബിസിനസ്സിനെയും ഇതോടെ സാരമായി ബാധിക്കുമെന്നുറപ്പായി.

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ആപ്പിള്‍ രണ്ട് പ്രധാന പരിപാടികള്‍ നടത്തുമെന്ന് നേരത്തെ ടിപ്സ്റ്റര്‍ ഐഹാക്കു പ്രോ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 8 ന് ആപ്പിളിന്റെ ഓണ്‍ലൈന്‍ ഇവന്റ് നടക്കുമെന്നും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 12 സീരീസ്, ആപ്പിള്‍ വാച്ച്, എയര്‍ പവര്‍വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ആപ്പിള്‍ ഐപാഡ് എന്നിവയുള്‍പ്പെടെയുള്ള അവതരിപ്പിക്കുമെന്നും ടിപ്പ്സ്റ്റര്‍ ട്വീറ്റ് ചെയ്തു. ഒക്ടോബര്‍ 27 ന് ആപ്പിള്‍ ഐപാഡ് പ്രോ, ആപ്പിള്‍ സിലിക്കണ്‍ മാക്‌സ്, ആപ്പിള്‍ ഗ്ലാസ് എന്നിവ ആരംഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ സംഭവിക്കുന്നതായി തോന്നുന്നില്ല.