- Home
- Technology
- Gadgets (Technology)
- സാംസങ് 'ചെവിയില്‍ നുള്ളിക്കോ'; വന്‍ ഫീച്ചറുകളോടെ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ
സാംസങ് 'ചെവിയില്‍ നുള്ളിക്കോ'; വന്‍ ഫീച്ചറുകളോടെ ഫോൾഡബിൾ ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ
തുറക്കുമ്പോൾ ഐപാഡ് പോലെയുള്ള ലേഔട്ടും, ഒരേസമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യം നൽകുന്ന പുതിയ ഐഒഎസ് ഇന്‍റർഫേസും ആപ്പിള്‍ ഫോള്‍ഡബിളിലുണ്ടായേക്കും. സ്ക്രീനിലെ ക്രീസ് കുറയ്ക്കാനുള്ള പുതിയ സാങ്കേതികവിദ്യയും ഫോള്‍ഡബിളില്‍ ഉള്‍പ്പെടാന്‍ സാധ്യത.

അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ, ഏറെക്കാലമായി കാത്തിരിക്കുന്ന ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തുറക്കുമ്പോൾ ഐപാഡ് പോലെയുള്ള ലേഔട്ടും ഒരേസമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും നൽകുന്ന പുതിയ ഐഒഎസ് ഇന്‍റർഫേസ് ഇതിൽ ഉൾപ്പെടുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിലൂടെ മൾട്ടി ടാസ്‍കിംഗ് കൂടുതൽ എളുപ്പമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഫോൺ തുറക്കുമ്പോൾ ലഭിക്കുന്ന അകത്തെ ഫോൾഡബിൾ സ്ക്രീൻ ഏകദേശം ഐപാഡ് മിനിയുടെ വലിപ്പത്തിൽ ആയിരിക്കുമെന്നാണ് സൂചന. ഐഫോൺ സ്ക്രീനിന്‍റെ വലിപ്പമുള്ള രണ്ടാമത്തെ ഡിസ്പ്ലേയും ഫോണില്‍ ഉണ്ടായിരിക്കും. നിലവിലുള്ള പല ഫോൾഡബിൾ ഫോണുകളിലും കാണുന്ന നാരോ ഡിസൈനിൽ നിന്ന് വ്യത്യസ്‍തമായി വിപുലമായ ആസ്‍പെക്റ്റ് ഉപയോഗിക്കുന്നതാണ് ഈ സ്ക്രീനിന്‍റെ പ്രധാന സവിശേഷത. ഈ ഡിസ്‌പ്ലെ വീഡിയോ കാണുന്നതിനും ആപ്പുകൾ ഉപയോഗിക്കുന്നതിനും കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് പ്രതീക്ഷ.
ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വിപണിയിൽ ആപ്പിൾ വൈകിയാണ് എത്തുന്നത്. പ്രധാന എതിരാളിയായ സാംസങ് ഇതിനകം തന്നെ ഏറെ ഫോൾഡബിൾ ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും, പുതിയ ഡിസൈനും സോഫ്റ്റ്‌വെയർ സവിശേഷതകളും ഉപയോഗിച്ച് ഫോള്‍ഡബിള്‍ വിപണിയിൽ പുതുമ കൊണ്ടുവരാനാണ് ആപ്പിൾ ശ്രമിക്കുന്നത്.
പുതിയ ഐഒഎസ് അപ്‌ഡേറ്റിൽ പല ഐപാഡ് ആപ്പുകളിലേതുപോലെ സ്ക്രീന്‍റെ ഇടത് ഭാഗത്ത് സൈഡ് ബാർ ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കും ആപ്പ് ലേഔട്ടുകൾ. ഇതിലൂടെ ഡെവലപ്പർമാർക്ക് അവരുടെ ഐഫോൺ ആപ്പുകൾ ഐപാഡ് അനുഭവത്തിന് സമാനമായി മാറ്റാൻ സാധിക്കും. എന്നാൽ ഉപകരണം ഐപാഡ്ഒഎസിൽ പ്രവർത്തിപ്പിക്കില്ല. സാധാരണ ഐഒഎസ് തന്നെയായിരിക്കും ഉപയോഗിക്കുക. അതിനാൽ ഐപാഡിൽ ഉള്ളതുപോലുള്ള പൂർണമായ ഡെസ്‍ക് ടോപ് ലെവൽ മൾട്ടി ടാസ്‍കിംഗ് ഇതിൽ ഉണ്ടാകില്ല. എങ്കിലും രണ്ട് ആപ്പുകൾ ഒരേസമയം സ്ക്രീനിൽ കാണിക്കുന്ന സൗകര്യം ലഭിച്ചേക്കും.
ഫോൾഡബിൾ ഫോണുകളിലെ പ്രധാന പ്രശ്‍നങ്ങളായ സ്ക്രീനിലെ ക്രീസും ദീർഘകാല ഉപയോഗത്തിലെ ഡ്യൂറബിലിറ്റിയും പരിഹരിക്കാൻ ആപ്പിൾ പുതിയ ഡിസ്പ്ലേ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ക്രീസ് പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുറത്തെ സ്ക്രീനിൽ ആദ്യമായി ഹോൾ- പഞ്ച് ക്യാമറ ഡിസൈൻ ഉൾപ്പെടുത്താനാണ് പദ്ധതി. ഇതിന് വേണ്ടി ഫേസ് ഐഡി ഒഴിവാക്കി ടച്ച് ഐഡി ഫിംഗർപ്രിന്‍റ് സെൻസർ സൈഡ് ബട്ടണിൽ ഉൾപ്പെടുത്തും. അവസാനമായി ഫിംഗർപ്രിന്‍റ് സെൻസർ ഉണ്ടായിരുന്ന മോഡൽ ആയിരുന്നു ഐഫോൺ എസ്‍ഇ. ഫോള്‍ഡബിളിന് പിന്നിൽ രണ്ട് ക്യാമറകൾ മാത്രമുണ്ടാകും. വലിയ ഫോൾഡബിൾ സ്ക്രീൻ, പുതിയ സോഫ്റ്റ്‌വെയർ തുടങ്ങിയവയോടെ എത്തുന്ന ആപ്പിള്‍ ഫോള്‍ഡ്, ഐഫോൺ ശ്രേണിയിലെ ഏറ്റവും പ്രീമിയം മോഡലായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.

