പാരീസ്: ഉപയോക്താക്കള്‍ അറിയാതെ തന്നെ പഴയ ഐഫോണിന്‍റെ വേഗത കുറച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിളിന് വന്‍തുക പിഴ. ഫ്രാന്‍സിലെ ഉപയോക്ത അവകാശ ഡയറക്ടര്‍ ജനറലാണ് 2.5 കോടി യൂറോ (എകദേശം 193 കോടി) രൂപ ആപ്പിളിന് പിഴയിട്ടത്. ഫെബ്രുവരി 7നായിരുന്നു വിധിവന്നത്.

ഏതാനും വര്‍ഷം മുന്‍പാണ് ആപ്പിള്‍ തങ്ങളുടെ പഴയ ഐഫോണുകളുടെ പ്രവര്‍ത്തന വേഗത കാലംകഴിയുമ്പോള്‍ കുറയ്ക്കുന്ന രീതിയില്‍ നിര്‍മ്മാണം നടത്തുന്നു എന്ന വിവരം പുറത്തുവന്നത്. ടെക് ലോകത്ത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവത്തില്‍ പിന്നീട് ആപ്പിള്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ ചില ഉപയോക്താക്കള്‍ നിയമനടപടി തുടരുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. 

പഴയ മോഡൽ ഐഫോണുകളുടെ പ്രവർത്തന വേഗം മനഃപൂർവം കുറയ്ക്കുന്നുണ്ടെന്ന് ആപ്പിൾ തന്നെ സമ്മതിച്ചിരുന്നു. തണുപ്പു കാലാവസ്ഥയിലോ ബാറ്ററി പഴക്കം ചെന്നതാകുമ്പോഴോ ബാറ്ററി ചാർജ് കുറവായിരിക്കുമ്പോഴോ ഐഫോൺ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി ലഭിക്കാതെ വരും. അപ്പോൾ ഫോൺ അപ്രതീക്ഷിതമായി ഓഫ് ആകും. ഈ ഓഫ് ആകൽ ഒഴിവാക്കാൻ കമ്പനി ഐ ഫോൺ 6 ലാണ് ‘വേഗം കുറയ്ക്കൽ’ വിദ്യ ആദ്യം പ്രയോഗിച്ചത്. വൈദ്യുതി ഉപയോഗം കുറയ്ക്കുകയാണു ലക്ഷ്യമെന്നും ആപ്പിൾ അറിയിച്ചിരുന്നു.

ആപ്പിൾ ഇപ്പോഴും പഴയ ഐഫോണുകൾ മന്ദഗതിയിലാക്കുന്നുണ്ടോ എന്നത് പരിശോധിച്ചാല്‍,  അതെ എന്നാണ് ഉത്തരം. 2017 ൽ ആപ്പിൾ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതാണ്. ഐഫോൺ 6, 6 പ്ലസ്, 6 എസ്, 6 എസ് പ്ലസ് ഐഫോൺ എസ്ഇ,  ഐഫോൺ 7, 7 പ്ലസ്,  ഐഫോൺ 8, 8 പ്ലസ് (ഐഒഎസ് 12.1 അല്ലെങ്കിൽ ഉയർന്നത് പ്രവർത്തിക്കുന്നത്),  ഐഒഎസ് 12.1 അല്ലെങ്കിൽ ഉയർന്നത് പ്രവർത്തിക്കുന്ന ഐഫോൺ X, ഐഒഎസ് 13.1 അല്ലെങ്കിൽ ഉയർന്നത് പ്രവർത്തിക്കുന്ന ഐഫോൺ XS, XS Max, XR ഐഫോൺ മോഡലുകളിലെല്ലാം വേഗത്തിന്‍റെ പ്രശ്നം ഇപ്പോഴും നേരിടുന്നുണ്ട്.