സെപ്റ്റംബര്‍ 15 ന് ആപ്പിള്‍ അതിന്റെ മെഗാ ഇവന്റുകളിലൊന്നില്‍ വാച്ച് സീരീസ് 6, ആപ്പിള്‍ വാച്ച് എസ്ഇ, ഐപാഡ് 8, ഐപാഡ് എയര്‍ എന്നിവ പുറത്തിറക്കിയെങ്കിലും വരാനിരിക്കുന്ന ഐഫോണ്‍ സീരിസാണ് ടെക് ലോകത്തെ സംസാരവിഷയം. ഒക്ടോബറില്‍ എപ്പോഴെങ്കിലും നടക്കുന്ന മെഗാ ഇവന്റില്‍ ആപ്പിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ വിവരമനുസരിച്ച്, ഐഫോണുകളിലൊന്ന് (ഐഫോണ്‍ 12 പ്രോ മാക്സ്) 6 ജിബി റാം അവതരിപ്പിക്കുന്നതായി അഭ്യൂഹമുണ്ട്.

ഐഫോണ്‍ 12 സീരീസിന് കീഴില്‍ ആപ്പിള്‍ ഒന്നല്ല, നാല് പുതിയ ഐഫോണുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നുവെന്നത് രഹസ്യമല്ല. ഐഫോണ്‍ 12 മോഡലിന്റെ മുകളില്‍ ഐഫോണ്‍ 12 പ്രോ മാക്സ് സോഫ്റ്റ്വെയര്‍ ബെഞ്ച്മാര്‍ക്കിംഗ് ടൂളായ ആന്റുട്ടില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അതിന്റെ പ്രകടനത്തെയും സ്റ്റോറേജ് സെറ്റിങ്‌സിനെക്കുറിച്ചുള്ള പ്രധാന സവിശേഷതകളും ലിസ്റ്റിംഗില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആന്റുട്ടു പ്രകാരം ഐഫോണ്‍ 12 പ്രോ മാക്സിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജും ലഭിക്കും. 6 ജിബി റാമുമായി വരുന്ന ആദ്യ ഐഫോണ്‍ ഇതായിരിക്കാം, കാരണം മുമ്പത്തെ എല്ലാ മോഡലുകളും 4 ജിബി റാമിലാണ് വന്നത്, ഗിസ്മോചൈന റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണ്‍ 12 പ്രോയ്ക്ക് സമാന റാമും സ്റ്റോറേജ് ഓപ്ഷനുമുണ്ട്. എങ്കിലും, ഐഫോണ്‍ 12 ന്റെ ലോവര്‍ വേരിയന്റുകളില്‍ റാം അല്പം കുറവായിരിക്കാം.

നേരത്തെ ഊഹിച്ചതുപോലെ വരാനിരിക്കുന്ന ഐഫോണുകള്‍ 120 ഹെര്‍ട്‌സ് ഡിസ്പ്ലേയുമായി വരില്ലെന്ന് നേരത്തെ ആപ്പിള്‍ അനലിസ്റ്റ് മിംഗ്-ചി കുവോ പറഞ്ഞിരുന്നു. ഐഫോണ്‍ 12 ല്‍ കമ്പനി 120 ഹെര്‍ട്‌സ് പാനലുകള്‍ ചേര്‍ത്താല്‍ ഫോണ്‍ ഒരു വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിനെ പിന്തുണക്കാനാവശ്യമായ ബാറ്ററി ബാകപ്പാണ് ആപ്പിളിനെ പിന്നോട്ടുവലിക്കുന്നത്. എന്നാലും, 2021 ല്‍ പുറത്തിറങ്ങുന്ന ഐഫോണുകള്‍ 120 ഹെര്‍ട്‌സ് ഡിസ്പ്ലേകളുമായി വരാമെന്ന് കുവോ പറഞ്ഞു.


സെപ്റ്റംബറിലെ ടൈം ഫ്‌ലൈസ് ഇവന്റ്, വരാനിരിക്കുന്ന ഐഫോണ്‍ 12 സീരീസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന പ്രോസസറിനെക്കുറിച്ച് ഒരു വലിയ വെളിപ്പെടുത്തല്‍ നടത്തി. വിപണിയിലെ ഏറ്റവും വേഗതയേറിയ പ്രോസസറായ എ 14 ബയോണിക് ചിപ്സെറ്റുള്ള ഐപാഡ് എയര്‍ ആപ്പിള്‍ പ്രഖ്യാപിച്ചു, ഐഫോണ്‍ 12 ഉം ഇതേ ചിപ്സെറ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനര്‍ത്ഥം, ഐഫോണ്‍ 11 സീരീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഐഫോണ്‍ 12 മികച്ചതും വേഗതയേറിയതുമായ പ്രകടനം കാഴ്ചവയ്ക്കുമെങ്കിലും അങ്ങനെ ചെയ്യുമ്പോള്‍ ഓരോ കോറിനും കുറഞ്ഞ ഊര്‍ജ്ജം മതിയാകുമെന്നാണ്. അതായത് മെച്ചപ്പെട്ട ബാറ്ററി ആയുസ്സ് ഫോണിനു ലഭിക്കുമെന്ന് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് ഐഫോണ്‍ 12 ല്‍ ഏതെങ്കിലും കനത്ത ഗെയിമുകള്‍ പരിധികളില്ലാതെ കളിക്കാനും സങ്കീര്‍ണ്ണമായ ഫോട്ടോ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും കഴിയും.