ഐഫോൺ 17 എയറിന് 6.6 ഇഞ്ച് 120 ഹെര്‍ട്സ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു
കാലിഫോര്‍ണിയ: ഈ വർഷം അവസാനം ആപ്പിൾ പുതിയ ഐഫോൺ 17 എയർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പ്ലസ് മോഡലിന് പകരമായി വരുന്ന ഈ ഐഫോൺ ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയതും ഭാരം കുറഞ്ഞതുമായിരിക്കും. ഐഫോൺ 17 എയറിന്‍റെ കനം 5.5 മില്ലിമീറ്റർ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6.6 ഇഞ്ച് ഡിസ്‌പ്ലേയും 48 മെഗാപിക്സൽ സിംഗിൾ ക്യാമറയും ഫോണിന് ഉണ്ടായിരിക്കും. സാംസങ് അടുത്തിടെ പുറത്തിറക്കിയ സ്ലിം മോഡലായ ഗാലക്‌സി എസ്25 എഡ്‍ജുമായി ഈ ഫോണിന് നേരിട്ട് മത്സരിക്കും. ഈ രണ്ട് ഫോണുകൾ തമ്മിലുള്ള ചില വ്യത്യാസങ്ങൾ അറിയാം.
പുത്തൻ സ്ലീക്ക് ഡിസൈൻ
ആപ്പിൾ ഐഫോൺ 17 നിരയിൽ നാല് മോഡലുകൾ അവതരിപ്പിക്കും. അതിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഒരു പുതിയ എയർ മോഡൽ എന്നിവ ഉൾപ്പെടും. പ്ലസ് മോഡലിന് പകരമാണ് എയർ വേരിയന്‍റ് ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഐഫോൺ 17 എയറിന് 120 ഹെര്‍ട്സ് പ്രോ-മോഷൻ റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 17 എയറിന് വെറും 5.5 മില്ലീമീറ്റർ കട്ടിയാണുണ്ടാവുക എന്നതാണ് ആശ്ചര്യം ജനിപ്പിക്കുന്ന മറ്റൊരു അഭ്യൂഹം. ആ വാര്‍ത്ത സത്യമെങ്കില്‍ 5.8 മില്ലീമീറ്റർ കട്ടിയുള്ള ഗാലക്‌സി എസ്25 എഡ്‍ജിനേക്കാൾ കനം കുറഞ്ഞതായിരിക്കും വരാനിരിക്കുന്ന ഐഫോൺ 17 എയർ.
സിംഗിൾ പിൻ ക്യാമറ
ഐഫോൺ 17 എയർ 48 മെഗാപിക്സൽ സിംഗിൾ ഫ്യൂഷൻ ക്യാമറയുമായി വരുമെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഐഫോൺ 17-ലെ ഫ്രണ്ട് ക്യാമറ 24 മെഗാപിക്സൽ സെൻസറിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. എങ്കിലും എയർ മോഡലിന്‍റെ സെല്‍ഫി ക്യാമറ എത്ര എംപിയുടേതായിരിക്കും എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഗാലക്‌സി എസ്25 എഡ്‍ജുമായി ഫ്രണ്ട് ക്യാമറ താരതമ്യം ചെയ്യുക ഇപ്പോള്‍ അസാധ്യമാണ്. ഗാലക്‌സി എസ്25 എഡ്‍ജിൽ 200 മെഗാപിക്സൽ പ്രൈമറി സെൻസറും 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്.
ഹാർഡ്‌വെയറിലെ മാറ്റങ്ങൾ
ഐഫോൺ 17 എയറിന് 6.6 ഇഞ്ച് 120 ഹെര്‍ട്സ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫോണിൽ 2,800 എംഎഎച്ച് ബാറ്ററി മാത്രമേ കാണൂ എന്നത് കണക്കുകളില്‍ ഒരു ന്യൂനതയായേക്കാം. എന്നാൽ പുതിയ എ19 ചിപ്പും ഐഒഎസ് 26 ഉം ഐഫോണ്‍ 17 എയറിന്‍റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിച്ചേക്കും. പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മിനിമലിസ്റ്റ് ഡിസൈൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഐഫോണ്‍ 17 എയർ മോഡൽ കൂടുതൽ ഇഷ്ടപ്പെടുമെന്നാണ് സൂചന. എന്നാൽ ഗാലക്‌സി എസ്25 എഡ്‍ജ് ഇതിനകം തന്നെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പും വയർലെസ്, റിവേഴ്‌സ് ചാർജിംഗ് പിന്തുണയുമുള്ള 6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. എസ്25 എഡ്‍ജില്‍ 3,900 എംഎഎച്ച് ബാറ്ററിയും വൺ യുഐ 7 ഉള്ള ആൻഡ്രോയ്‌ഡ് 15 പ്ലാറ്റ്‌ഫോമുമുണ്ട്.