ഐഫോണ്‍ 17 പ്രോയില്‍ ക്യാമറയുടെ ഒപ്റ്റിക്കല്‍ സൂം കപ്പാസിറ്റി, അധിക ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ എന്നിവയടക്കം അപ്‌ഗ്രേഡുകള്‍ ആപ്പിള്‍ കൊണ്ടുവരുമെന്ന് ടിപ്സ്റ്റര്‍ പറയുന്നു

കാലിഫോര്‍ണിയ: എന്തൊക്കെ അത്ഭുതങ്ങളായിരിക്കും ഐഫോണ്‍ 17 സീരീസില്‍ ആപ്പിള്‍ കരുതിവച്ചിട്ടുണ്ടാവുക, ഐഫോണ്‍ 17 പ്രോ മോഡലുകള്‍ എന്തൊക്കെ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരും? അവതരണത്തിന് രണ്ട് മാസം ശേഷിക്കുന്നുണ്ടെങ്കിലും ഐഫോണ്‍ 17 പ്രോ സ്‌മാര്‍ട്ട്‌ഫോണുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളോടെ ഐഫോണ്‍ 17 പ്രോ ഫ്ലാഗ്‌ഷിപ്പുകളുടെ ക്യാമറ നിലവാരം ആപ്പിള്‍ ഉയര്‍ത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഐഫോണ്‍ 17 പ്രോ മോഡലുകളുടേത് എന്ന് അവകാശപ്പെട്ട് ചില ക്യാമറ അപ്‌ഗ്രേഡുകള്‍ ഒരു അജ്ഞാതനായ ടിപ്‌സ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടു. ഐഫോണ്‍ 17 ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് നെക്സ്റ്റ്-ലെവല്‍ ക്യാമറ അനുഭവം ലഭിക്കും എന്ന് ഈ ലീക്ക് സൂചിപ്പിക്കുന്നു. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ 48 മെഗാപിക്സലിന്‍റെ ടെലിഫോട്ടോ ലെന്‍സോടെയാവും വിപണിയിലെത്തുക എന്ന അഭ്യൂഹം നേരത്തെയുണ്ടായിരുന്നു. ഇപ്പോള്‍ ഒപ്റ്റിക്കല്‍ സൂമിംഗ് കപ്പാസിറ്റി, പുതിയ ക്യാമറ ആപ്പ് എന്നിവയെ കുറിച്ചുള്ള മറ്റ് ലീക്കുകളും പുറത്തുവന്നിരിക്കുകയാണ്. മൂന്ന് പ്രധാന അപ്‌ഗ്രേഡുകളാണ് ഇതിലുള്ളത്.

1. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 8x വരെ ഒപ്റ്റിക്കല്‍ സൂം ആപ്പിള്‍ ഉപഭോക്താവിന് നല്‍കും എന്നതാണ് അപ്‌ഗ്രേഡായി പറയപ്പെടുന്ന ഒരു വിവരം. ഐഫോണ്‍ 16 പ്രോയില്‍ നിലവില്‍ ലഭ്യമായത് 5x ഒപ്റ്റിക്കല്‍ സൂമാണ്. ഇക്കാര്യം സത്യമെങ്കില്‍ സാംസങ് ഗാലക്സി എസ്25 അള്‍ട്രാ, ഷവോമി 15 അള്‍ട്ര, വിവോ എക്സ്200 പ്രോ പോലുള്ള ഹൈ-എന്‍ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇത് ഭീഷണിയായേക്കും.

2. പുതിയ ക്യാമറ ആപ്പ് വരുമെന്ന ലീക്കാണ് ടിപ്‌സ്റ്റര്‍ പുറത്തുവിട്ട മറ്റൊരു കാര്യം. Halide, Kino, and Filmic Pro പോലുള്ള പ്രൊഫഷനല്‍ ക്യാമറ ആപ്പുകളുമായി ഏറ്റുമുട്ടാന്‍ ശേഷിയുള്ള ആപ്ലിക്കേഷനായിരിക്കും ഇതെന്നാണ് സൂചന.

3. ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ അധിക ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ ഉള്‍പ്പെടുത്തും എന്നും അഭ്യൂഹമുണ്ട്. ഫ്രെയിമിന്‍റെ ഏറ്റവും മുകളിലായിരിക്കും ഈ ബട്ടണ്‍ വരികയെന്നും ടിപ്‌സ്റ്റര്‍ പറയുന്നു. നിലവിലെ ക്യാമറ ബട്ടണിനൊപ്പം ഈ പുത്തന്‍ ബട്ടണും ക്യാമറ സജ്ജീകരണങ്ങള്‍ക്ക് വേണ്ടിയുള്ളതായിരിക്കും. ഈ മൂന്ന് ലീക്കുകളും സത്യമെങ്കില്‍ ഐഫോണ്‍ 17 പ്രോ മോഡലുകള്‍ ക്യാമറ വിഭാഗത്തില്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കും എന്നുറപ്പാണ്. എങ്കിലും ഈ ഫീച്ചറുകളുടെ സ്ഥിരീകരണത്തിനായി സെപ്റ്റംബര്‍ മാസത്തിലെ ആപ്പിള്‍ ലോഞ്ച് ഇവന്‍റ് വരെ കാത്തിരിക്കേണ്ടിവരും.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News