Asianet News MalayalamAsianet News Malayalam

പ്രൈവസി ഗ്ലാസുകളുമായി ആപ്പിള്‍, വരാന്‍ പോകുന്ന കിടിലന്‍ ഫീച്ചര്‍ ഇങ്ങനെ

ഡിസ്പ്ലേയിലെ ഉള്ളടക്കം ഐഫോണ്‍ ഉടമകളെ മാത്രം കാണാന്‍ അനുവദിക്കുന്ന പുതിയ ഗ്ലാസിന് ആപ്പിള്‍ പേറ്റന്റ് ഫയല്‍ ചെയ്തു. 

Apple may be working on privacy glasses here what it means
Author
Apple Park, First Published Nov 14, 2021, 8:20 PM IST

ഒരു മെസേജ് വരുമ്പോള്‍, ഒരു കോള്‍ വരുമ്പോള്‍ അടുത്തു നില്‍ക്കുന്നവരൊന്നും കാണരുതെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷേ, ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇതുവരെയും അതിനു സാധ്യതകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി ഇത്തരം സ്വകാര്യതകളില്‍ അഹങ്കരിക്കാന്‍ തയ്യാറായിക്കൊള്ളു. നിങ്ങള്‍ക്ക് മാത്രം ഡിസ്‌പ്ലേ കണ്ടന്റ് കാണാന്‍ കഴിയുന്ന പ്രൈവസി ഗ്ലാസുകളുമായി ആപ്പിള്‍ ഉടന്‍ വന്നേക്കാമെന്നാണ് സൂചന. 

ഡിസ്പ്ലേയിലെ ഉള്ളടക്കം ഐഫോണ്‍ ഉടമകളെ മാത്രം കാണാന്‍ അനുവദിക്കുന്ന പുതിയ ഗ്ലാസിന് ആപ്പിള്‍ പേറ്റന്റ് ഫയല്‍ ചെയ്തു. യുഎസ് പേറ്റന്റ് & ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ആപ്പിള്‍ ഫയല്‍ ചെയ്ത പേറ്റന്റ് അപേക്ഷ പ്രകാരം സ്‌ക്രീനിലെ ഉള്ളടക്കം കാണുന്നതില്‍ നിന്ന് നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെ തടയുന്ന 'സ്വകാര്യതാ ഗ്ലാസുകള്‍' ആണിതെന്നാണ് സൂചന.

ഒരു ഇലക്ട്രോണിക് ഉപകരണത്തില്‍ ഗ്രാഫിക്കല്‍ ഔട്ട്പുട്ടുകളും സ്റ്റാന്‍ഡേര്‍ഡ് ഗ്രാഫിക്കല്‍ ഔട്ട്പുട്ടുകളും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന പുതിയ സിസ്റ്റത്തെക്കുറിച്ച് പേറ്റന്റ് ആപ്ലിക്കേഷന്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഈ പുതിയ പേറ്റന്റിനെ രസകരമാക്കുന്നത് 'പ്രൈവസി ഐവെയര്‍' ആണ്. സ്‌ക്രീന്‍ ഉള്ളടക്കം കാണുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയുന്ന വിധത്തിലൊരു കണ്ണടയാണ് ആപ്പിള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനര്‍ത്ഥം ആപ്പിളിന്റെ പ്രൈവസി ഗ്ലാസുകള്‍ ആദ്യം ഒരു ഉപയോക്താവിനെ രജിസ്റ്റര്‍ ചെയ്യുകയും മറ്റു സാഹചര്യങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുമെന്നാണ്. 

സാധാരണ പവര്‍ ഗ്ലാസ് ഉപയോഗിക്കുന്നതു പോലെ തന്നെയാവും ഇതിന്റെയും പ്രവര്‍ത്തനം. ഗ്ലാസിനെ ഐഫോണ്‍ നിയന്ത്രിച്ചേക്കാം. അതിനാല്‍, സ്‌ക്രീനിലെ ഉള്ളടക്കം മറ്റുള്ളവര്‍ക്ക് ദൃശ്യമാകില്ല. ആപ്പിള്‍ സ്വന്തം സ്മാര്‍ട്ട് ഗ്ലാസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അതിനാല്‍, ഇതുപോലുള്ള ഒരു ഫീച്ചറിന് സ്മാര്‍ട്ട് ഗ്ലാസ് സാഹചര്യത്തെ മൊത്തത്തില്‍ മാറ്റാന്‍ കഴിയും.

ഇതിനുപുറമെ, കസ്റ്റം ഫേസ് ഐഡി പ്രൊഫൈലുകളെക്കുറിച്ചും കമ്പനി സംസാരിച്ചു. ഈ സംവിധാനത്തിന്, പേറ്റന്റ് അപേക്ഷയനുസരിച്ച്, ഫേസ് ഐഡിക്കായി വ്യത്യസ്ത പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും മുഖം, ഹെയര്‍സ്‌റ്റൈലുകള്‍, താടി, മീശ, കണ്ണട, റീഡിംഗ് ഗ്ലാസുകള്‍, സണ്‍ഗ്ലാസുകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ വേര്‍തിരിച്ചറിയാനും കഴിയും. ഫീച്ചര്‍ അടുത്ത മോഡലില്‍ തന്നെ എത്തിയേക്കാമെന്നാണ് സൂചന. 

ഫേസ് ഐഡി പ്രൊഫൈലുകള്‍ ചേര്‍ക്കുന്നത് ഐഫോണ്‍ ഉപയോക്താക്കള്‍ക്കു വളരെ സഹായകമാകും (ഭാവിയില്‍ ഫേസ് ഐഡി ലഭിക്കുകയാണെങ്കില്‍). അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി മാറാനോ അല്ലെങ്കില്‍ ഫോക്കസ് മോഡുകളിലേക്ക് മാറാനോ ഇത് ഉപയോക്താക്കളെ അനുവദിക്കും. പക്ഷേ, ഇത് ഇപ്പോഴും ഒരു പേറ്റന്റ് ആപ്ലിക്കേഷനാണ്, ഇത് യഥാര്‍ത്ഥത്തില്‍ നടക്കുമോ എന്നു കണ്ടറിയണം. എന്തായാലും, പ്രൈവസി ഗ്ലാസ് വരുന്നതോടെ ആപ്പിള്‍ ഒന്നുകൂടി നെഞ്ചുവിരിച്ചേക്കുമെന്നുറപ്പ്.

Follow Us:
Download App:
  • android
  • ios