ആപ്പിള്‍ അടുത്ത ഐഫോണ്‍ എയര്‍ പുറത്തിറക്കുന്നത് വൈകിപ്പിച്ചേക്കും. ഐഫോണ്‍ എയര്‍ 2 ലോഞ്ച് വൈകിപ്പിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത് ഒന്നാം-തലമുറ ഐഫോണ്‍ എയറിന്‍റെ വില്‍പന കുറഞ്ഞത്. 

കാലിഫോര്‍ണിയ: ആപ്പിള്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എയറിന്‍റെ രണ്ടാം എഡിഷന്‍ പുറത്തിറക്കുന്നത് വൈകിപ്പിച്ചേക്കും. 2026-ന്‍റെ രണ്ടാംപകുതിയില്‍ ഐഫോണ്‍ 18 പ്രോ ലൈനപ്പിനൊപ്പം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ച രണ്ടാം-തലമുറ ഐഫോണ്‍ എയറിന്‍റെ ലോഞ്ച് ആപ്പിള്‍ 2027-ലേക്ക് വൈകിപ്പിക്കുമെന്ന് 9to5Mac റിപ്പോര്‍ട്ട് ചെയ്‌തു. പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാതെ അടുത്ത ഐഫോൺ എയറിന്‍റെ ഷെഡ്യൂൾ പിൻവലിക്കുന്നതായി എഞ്ചിനീയർമാരെയും വിതരണക്കാരെയും ആപ്പിള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടാം-തലമുറ ഐഫോണ്‍ എയറിന്‍റെ കാര്യത്തില്‍ അപ്രതീക്ഷിത നടപടിയാണ് ആപ്പിളിന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐഫോണ്‍ എയര്‍ 2 വൈകും

ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്‍പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതോടെയാണ് ആപ്പിള്‍ രണ്ടാം-തലമുറ ഐഫോണ്‍ എയര്‍ നിര്‍മാണം വൈകിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ ഐഫോണ്‍ എയര്‍ ഒന്നാം തലമുറയുടെ നിര്‍മാണം ആപ്പിളിന്‍റെ പ്രധാന അസെംബിളിംഗ് പങ്കാളികളായ ഫോക്‌സ്‌കോണ്‍ അവസാനിപ്പിക്കുമെന്നാണ് വാര്‍ത്തയില്‍ പറയുന്നു. മറ്റൊരു നിർമ്മാണ പങ്കാളിയായ ലക്സ്ഷെയർ ഒക്ടോബർ അവസാനത്തോടെ ഐഫോൺ എയറിന്‍റെ ഉത്പാദനം പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഐഫോണ്‍ എയര്‍ 2-വില്‍ വന്‍ അപ്‌ഗ്രേഡുകള്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് വന്ന സ്ഥാനത്താണ് രണ്ടാംതലമുറ ഐഫോണ്‍ എയറിനെ കുറിച്ച് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. നിലവിലെ സിംഗിള്‍ ക്യാമറയ്‌ക്ക് പകരം ഇരട്ട റിയര്‍ ക്യാമറ ഐഫോണ്‍ എയര്‍ 2-വില്‍ വരും, അള്‍ട്രാ-വൈഡ് സെന്‍സറായിരിക്കും കൂട്ടിച്ചേര്‍ക്കുക, ഐഫോണ്‍ 17 പ്രോയിലേതിന് സമാനമായ വേപര്‍ ചേംബര്‍ കൂളര്‍ ഐഫോണ്‍ എയര്‍ 2-വിലുണ്ടായിരിക്കും, വലിയ ബാറ്ററി ഐഫോണ്‍ എയര്‍ 2 ഉള്‍പ്പെടുത്തും എന്നുമായിരുന്നു ആപ്പിള്‍ കേന്ദ്രങ്ങളെ ഉദ്ദരിച്ചുള്ള സൂചനകള്‍. ഐഫോണ്‍ എയര്‍ -വിന് പുറമെ ഐഫോണ്‍ 18 എയര്‍ എന്നൊരു പേരും പറഞ്ഞുകേട്ടിരുന്നു.

ഐഫോണ്‍ എയര്‍ പ്രത്യേകതകള്‍

വെറും 5.6 മില്ലീമീറ്റർ മാത്രം കട്ടിയുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ ആണ് 2025 സെപ്റ്റംബര്‍ മാസത്തില്‍ പുറത്തിറങ്ങിയ ഐഫോൺ എയർ. എയർ ശ്രേണിയില്‍ വിപണിയിലെത്തിയ ആദ്യത്തെ ഐഫോണാണിത്. ശക്തമായ എ19 പ്രോ ചിപ്പ്, 6.5 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് പ്രോമോഷന്‍, 48 എംപി സിംഗിള്‍ റിയര്‍ ഫ്യൂഷൻ ക്യാമറ, 18 എംപി സെൽഫി ക്യാമറ എന്നിവയായിരുന്നു ഐഫോണ്‍ എയറിന്‍റെ പ്രധാന സവിശേഷതകള്‍. ഐഫോണ്‍ എയറിന്‍റെ 256 ജിബി അടിസ്ഥാന വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. ഉയര്‍ന്ന വിലയും സിംഗിള്‍ പിന്‍ ക്യാമറയുമായാണ് വിപണിയില്‍ ഐഫോണ്‍ എയറിന് തിരിച്ചടിയായത് എന്നാണ് വിലയിരുത്തലുകള്‍. ഇന്ത്യന്‍ വേരുകളുള്ള അബിദുർ ചൗധരി എന്നയാളാണ് ആപ്പിളിനായി സ്ലിം ഐഫോണ്‍ എയര്‍ ഡിസൈന്‍ ചെയ്‌തത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്