സ്‌മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. രാത്രി ഉറങ്ങുമ്പോള്‍ ചാര്‍ജ് ചെയ്യാനിട്ട് രാവിലെ ഡിസ്‌കണക്റ്റ് ചെയ്യുന്നത് മുതല്‍, ഫാസ്റ്റ് ചാര്‍ജറുകളുടെ അനാവശ്യ ഉപയോഗം വരെ ഒഴിവാക്കേണ്ട ഏറെ കാര്യങ്ങളുണ്ട്. 

സ്‌മാര്‍ട്ട്‌ഫോണുകള്‍ എങ്ങനെ ചാര്‍ജ് ചെയ്യണം, എത്ര നേരം ചാര്‍ജ് ചെയ്യുന്നതാണ് ഫോണിന് ഗുണകരം? കയ്യില്‍ കിട്ടുന്ന ചാര്‍ജര്‍ എല്ലാം എടുത്ത് ചാര്‍ജ് ചെയ്‌താല്‍ ഫോണിന് തകരാര്‍ സംഭവിക്കുമോ... എന്നിങ്ങനെ അനവധി സംശയങ്ങള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുണ്ടാകും. ബാറ്ററിയുടേയും ഫോണിന്‍റെയും ആയുസ് കൂട്ടാന്‍ കഴിയുന്ന ചില പൊടിക്കൈകള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാര്‍ അറിഞ്ഞിരിക്കണം. സ്‌മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ടതായ എട്ട് തെറ്റുകള്‍ ഇതാ വിശദമായി.

ഫോണ്‍ 100 ശതമാനം ചാര്‍ജ് ചെയ്യാതിരിക്കുക

സ്‌മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യണമെന്നും (100 ശതമാനം വരെ) ആവശ്യത്തിനനുസരിച്ച് വീണ്ടും ചാര്‍ജ് ചെയ്‌തുകൊണ്ടേയിരിക്കണമെന്നും ഒരു സങ്കല്‍പം മിക്ക ഉപയോക്താക്കള്‍ക്കുമുണ്ട്. ഇക്കാര്യം പഴയ നിക്കല്‍ ബാറ്ററികള്‍ക്ക് ബാധകമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ലിഥിയം, സിലിക്കോണ്‍ അധിഷ്‌ഠിതമായ ബാറ്ററികള്‍ സ്ഥിരമായി പൂജ്യത്തില്‍ നിന്ന് 100 ശതമാനത്തിലേക്ക് സ്ഥിരമായി ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് ആഘാമേല്‍പിക്കാനാണ് സാധ്യത. 20-80 ശതമാനത്തിനിടയ്‌ക്ക് ചാര്‍ജ് നിലനിര്‍ത്തുന്നതാണ് ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്.

രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട് ഉറങ്ങാതിരിക്കുക

രാത്രിയില്‍ ഫോണ്‍ ചാര്‍ജിനിട്ട് കിടന്നുറങ്ങുന്നത് പലര്‍ക്കുമുള്ള ശീലമാണ്. എന്നാലിത് ബാറ്ററിയുടെ ആയുസിനെ ബാധിച്ചേക്കാം. ഒരു ഫോൺ 100 ശതമാനം ചാർജ്ജ് ആയാൽ, ആ ലെവൽ നിലനിർത്താൻ ഫോണ്‍ ചെറിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും, ഇത് ട്രിക്കിൾ ചാർജിംഗിലേക്ക് നയിക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

ചാര്‍ജ് ചെയ്‌തുകൊണ്ട് ഗെയിമിംഗും സ്‌ട്രീമിംഗും ചെയ്യാതിരിക്കുക

ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, സ്‌ട്രീമിംഗ് പോലെ കനപ്പെട്ട ജോലികള്‍ ഫോണിനെ കൊണ്ട് ചെയ്യിക്കുമ്പോള്‍ ചാര്‍ജ് ചെയ്യാതിരിക്കുക. ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് വലിയ ടാസ‌്‌കുകള്‍ ചെയ്യുന്നത് സ്ഥിരതയില്ലാത്ത ചാർജിംഗ് സൈക്കിളുകൾക്കും ഫോണിന് ചൂട് വർധിക്കുന്നതിനും കാരണമാകുന്നു. ചാര്‍ജ് ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍, ബ്രൗസിംഗോ മെസേജുകള്‍ അയക്കുന്നതോ പോലുള്ള വലിയ കടുപ്പമില്ലാത്ത ജോലികള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ഫോണ്‍ തണുത്താണെന്ന് ഉറപ്പിക്കുക

ചൂട് വര്‍ധിക്കുന്നത് സ്‌മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളുടെ ആയുസ് കുറയ്‌ക്കുന്ന ഒരു ഘടകമാണ്. അതിനാല്‍ തന്നെ ഫോണ്‍ ചൂടാവാതിരിക്കാന്‍ വേണ്ട ജാഗ്രത പുലര്‍ത്തുക. ഫോണുകള്‍ എപ്പോഴും 20-30 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. നേരിട്ട് സൂര്യപ്രകാശം പതിക്കുന്നയിടങ്ങളിലും തലയിണയ്‌ക്കടിയിലും മറ്റും വച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ഒഴിവാക്കുന്നതും നല്ലതാണ്.

ഫാസ്റ്റ് ചാര്‍ജിംഗ് കുറയ്‌ക്കുക

ഉപയോക്താക്കള്‍ ഫോണുകള്‍ കൂടുതല്‍ നേരം ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലപ്പോഴും ഫാസ്റ്റ് ചാര്‍ജിംഗിനെ ആശ്രയിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് ചെയ്യുമ്പോള്‍ ചാര്‍ജ് വേഗത്തില്‍ കയറുമെങ്കിലും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗിനേക്കാള്‍ കൂടുതല്‍ ചൂട് സൃഷ്‌ടിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

ഫോണ്‍ സുരക്ഷിതമായി സൂക്ഷിക്കുക

നിങ്ങള്‍ക്ക് സ്‌മാര്‍ട്ട്‌ഫോണ്‍ കുറച്ച് കാലത്തേക്ക് ഉപയോഗിക്കാതെ സൂക്ഷിക്കണമെങ്കില്‍ ബാറ്ററി 100 ശതമാനം ചാര്‍ജായും, പൂജ്യ ശതമാനത്തില്‍ കാലിയായും സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

വിശ്വസനീയമായ ഉപകരണങ്ങള്‍ ഉപയോഗിക്കുക

ഗുണനിലവാരമില്ലാത്ത തേഡ്-പാര്‍ട്ടി അഡാപ്റ്ററുകളും കേബിളുകളും ഉപയോഗിച്ച് ഒരിക്കലും ഫോണ്‍ ചാര്‍ജ് ചെയ്യരുത്. ഒറിജിനല്‍ ആക്‌സസറികള്‍ ചാര്‍ജിംഗിനായി ഉപയോഗിക്കുന്നതാണ് ബാറ്ററി ലൈഫിന് ഗുണകരമാവുക. ചാര്‍ജറുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഐഫോണുകളില്‍ എംഎഫ്ഐ സര്‍ട്ടിഫിക്കറും, ആന്‍ഡ്രോയ്‌ഡ് ഫോണുകളില്‍ യുഎസ്‌ബി-ഐഎഫ് സര്‍ട്ടിഫിക്കറും പരിശോധിച്ച് ഉറപ്പുവരുത്തുക.

ഫോണ്‍ ബാറ്ററി ഇടയ്‌ക്ക് കാലിബ്രേറ്റ് ചെയ്യുക

സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇടയ്‌ക്കിടയ്‌ക്ക് കാലിബ്രേറ്റ് ചെയ്യുന്നത് നല്ലതാണെന്നും വിദഗ്‌ധര്‍ പറയുന്നു. ഫോണുകളുടെ ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് ബാറ്ററിയുടെ പ്രകടനവും ആയുസ്സും വര്‍ധിപ്പിക്കും. ബാറ്ററിയുടെ ചാര്‍ജ് ലെവലിനെ കുറിച്ച് കൃത്യമായ വിവരം കാലിബ്രേറ്റ് പ്രക്രിയ ഉറപ്പാക്കും.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്