കാത്തിരിപ്പ് വെറുതെയാവില്ല, ആപ്പിളിന്‍റെ ബജറ്റ്-ഫ്രണ്ട്‌ലി ഫോണായ ഐഫോണ്‍ എസ്ഇ 4 പുറത്തിറങ്ങുന്നത് വമ്പന്‍ ക്യാമറ ഫീച്ചറുകളുമായി

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ എസ്ഇ 4 ഇന്ന് പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ക്യാമറ ഫീച്ചറുകള്‍. കമ്പനി എക്കാലവും ക്യാമറയില്‍ കാത്തുവച്ചിരുന്ന ആപ്പിള്‍ മാജിക് ഇത്തവണയുമുണ്ടാകും എന്നുറപ്പ്. 2022ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ എസ്ഇ 4-ന്‍റെ ക്യാമറകളില്‍ വമ്പന്‍ അപ്‌ഡേറ്റുകളാണ് വരികയെന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. 

മുന്‍ഗാമിയായ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയിലെ പോലെ ഐഫോണ്‍ എസ്ഇ 4ലും സിംഗിള്‍ റീയര്‍ ക്യാമറയാണുണ്ടാവുക. എന്നാല്‍ എസ്ഇ 3യിലെ 12 എംപി ക്യാമറയ്ക്ക് പകരം എസ്ഇ 4ല്‍ ഇടംപിടിക്കുക 48 എംപിയുടെ ഉഗ്രന്‍ ക്യാമറയാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഐഫോണ്‍ 15, ഐഫോണ്‍ 16 എന്നീ പ്രീമിയം ഫോണുകളിലേതിന് സമാനമായ പ്രൈമറി ക്യാമറയാണിത്. 4K റെക്കോര്‍ഡിംഗും വീഡിയോ നിലവാരമുയര്‍ത്തുന്ന ഡോള്‍ബി വിഷനും ഈ ക്യാമറയ്ക്കൊപ്പമുണ്ടാകാന്‍ ഇടയുണ്ട്. ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയിലെ 7 മെഗാപിക്സലിന്‍റെ ഫ്രണ്ട് ക്യാമറയ്ക്ക് പകരം 12 എംപിയുടെ സെല്‍ഫി ക്യാമറയാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരികയെന്നും ആപ്പിള്‍ ലീക്കുകള്‍ പറയുന്നു. വീഡിയോ കോളിംഗ് കേന്ദ്രീകൃതമായ ക്യാമറയായിരിക്കും ഇത്. 

സിംഗിള്‍ ക്യാമറയാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരിക എന്നതിനാല്‍ പരമാവധി ഫീച്ചര്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ ശ്രമിച്ചേക്കും. ഐഫോണ്‍ 16ലും ഐഫോണ്‍ 16 പ്ലസിലും ആപ്പിള്‍ അവതരിപ്പിച്ച ഫ്യൂഷന്‍ ക്യാമറ ടെക്നോളജി ഐഫോണ്‍ എസ്ഇ 4ലേക്ക് വരുമോയെന്ന് വ്യക്തമല്ല. ടെലിഫോട്ടോ ലെന്‍സില്ലാതെ തന്നെ 2x സൂം ഉറപ്പുവരുത്തുന്നതായിരുന്നു ഫ്യൂഷന്‍ ക്യാമറ. ഐഫോണ്‍ 16 സീരീസില്‍ ആപ്പിള്‍ ആദ്യമായി കൊണ്ടുവന്ന ക്യാമറ ബട്ടണ്‍ എസ്ഇ 4ല്‍ കാണുമോ എന്നതിനും സ്ഥിരീകരണമില്ല. കരുത്തുറ്റ എ18 ചിപ്പിലാണ് നിര്‍മാണം എന്നതിനാല്‍ ഫോട്ടോ എഡിറ്റിംഗിന് അടക്കമുള്ള എഐ ടൂളുകള്‍ ഐഫോണ്‍ എസ്ഇ 4ല്‍ വരുമെന്നുറപ്പ്. 

ഐഫോണ്‍ എസ്ഇ 4-ല്‍ പ്രതീക്ഷിക്കുന്ന പ്രധാന ക്യാമറ ഫീച്ചറുകള്‍

48 എംപി റീയര്‍ ക്യാമറ
4K വീഡിയോ റെക്കോര്‍ഡിംഗ്
ഡോള്‍ബി വിഷന്‍
2x ഇന്‍-സെന്‍സര്‍ സൂം
12 എംപി ഫ്രണ്ട് ക്യാമറ

Read more: സസ്‌പെന്‍സ് നിറച്ച് ആപ്പിള്‍! ഐഫോണ്‍ എസ്ഇ 4 ലോഞ്ച് ഇന്ന്, അവതരണം ഇന്ത്യയില്‍ എങ്ങനെ തത്സമയം കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം