വിചിത്രമായ ഷോപ്പിംഗ് അനുഭവം യഷ് ഓജ എന്ന ഉപഭോക്താവ് പങ്കുവെച്ചു
ദില്ലി: ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം മറ്റു പലതും ലഭിക്കുന്ന സംഭവങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്. അത്തരമൊരു വിചിത്രമായ ഷോപ്പിംഗ് അനുഭവം യഷ് ഓജ എന്ന ഉപഭോക്താവ് പങ്കുവെച്ചു. സോണി എക്സ്ബി910എന്‍ വയർലെസ് ഹെഡ്‌ഫോണ്‍ ആണ് യഷ് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്. 19,900 രൂപയായിരുന്നു വില. എന്നാല്‍ കിട്ടിയത് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റാണ്.
അണ്‍ബോക്സിംഗ് വീഡിയോ യഷ് പങ്കുവെച്ചു- "ശരി ഞാൻ സോണി xb910n ഓർഡർ ചെയ്തു, എനിക്ക് കോൾഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിച്ചു." പിന്നാലെ ക്ഷമ ചോദിച്ച് ആമസോണ്‍ രംഗത്തെത്തി. ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാമെന്നും വ്യക്തമാക്കി- "നിങ്ങളെ സഹായിക്കാം. ദയവായി ഞങ്ങളെ മെസേജിലൂടെ ബന്ധപ്പെടുക. എന്നാല്‍ ഓർഡർ, അക്കൗണ്ട് വിശദാംശങ്ങൾ മെസേജിലൂടെ ഞങ്ങളെ അറിയിക്കരുത്. അത് വ്യക്തിഗത വിവരങ്ങളായി ഞങ്ങള്‍ കണക്കാക്കുന്നു"
നേരത്തെ ഒരാൾ ആമസോണിൽ നിന്ന് 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തപ്പോള്‍ ലഭിച്ച പാക്കേജ് തുറന്നപ്പോള്‍ ഞെട്ടിപ്പോയി. അരുൺ കുമാർ മെഹർ എന്നയാള്‍ ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസാണ് ഓർഡർ ചെയ്തത്. വൈകാതെ പാഴ്സല്‍ ലഭിച്ചു. പെട്ടി തുറന്നപ്പോള്‍ ക്യാമറ ലെൻസിന് പകരം അതിൽ ഒരുതരം വിത്തുകളാണ് ഉണ്ടായിരുന്നത്.
