ന്യൂയോര്‍ക്ക്: ഫേസ്ബുക്കിനെ ഞെട്ടിച്ച് ഹാക്കര്‍മാരുടെ കടന്നുകയറ്റം. ഫേസ്ബുക്കിന്‍റെ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഔർമൈൻ എന്ന ടീമാണ് ഹാക്ക് ചെയ്തതെന്നാണ് ഫേസ്ബുക്കിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ കുറിപ്പുകളിലൂടെ ഹാക്കര്‍മാര്‍ വ്യക്തമാക്കിയത്.

നിങ്ങളുടെ സുരക്ഷ ഇത്രയെ ഉള്ളു, സുരക്ഷ വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഞങ്ങളെ ബന്ധപ്പെടാം എന്നും കുറിപ്പില്‍ പറയുന്നു. ഔർമൈൻ ഡോട് ഒ ആര്‍ ജി എന്ന അഡ്രസാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്.

ഹാക്ക് ചെയ്തവർ നിരന്തരം ട്വീറ്റ് ഇട്ടതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറംലോകമറിയുന്നത്. തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഫേസ്ബുക്ക് അധികൃതര്‍ സമ്മതിച്ചതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുറച്ച് സമയത്തിനകം തന്നെ ഹാക്ക് ചെയ്യപ്പെട്ടത് കണ്ടെത്തി പരിഹരിക്കാനായെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കയുടെ ദേശിയ ഫുട്ബോള്‍ ടീമിന്‍റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ഔര്‍മൈന്‍ ടീം ഹാക്ക് ചെയ്തിരുന്നു.