പൂച്ച മരിച്ചെന്ന് കരുതി ദുഖാചരണം വരെ നടത്തിയ സമയത്താണ് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് സരിനെ കണ്ടെത്തിയ വിവരം കിട്ടുന്നത്

കൊളറാഡോ: മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പൂച്ചയെ കണ്ടെത്താന്‍ സഹായിച്ച് മൈക്രോ ചിപ്പ്. അമേരിക്കയിലെ കൊളറാഡോയിലാണ് മൃഗസ്നേഹികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന കൂടിക്കാഴ്ച സംഭവിച്ചത്. കാനസാ സിറ്റിയിലെ വീട്ടില്‍ നിന്ന് 1077കിലോമീറ്റർ അകലെ നിന്നാണ് പൂച്ചയെ മൂന്ന് വര്‍ഷത്തിന് ശേഷം കണ്ടെത്തിയത്. സരിന്‍ എന്ന പെണ്‍ പൂച്ചയില്‍ വീട്ടുകാര്‍ ഘടിപ്പിച്ച മൈക്രോചിപ്പാണ് കൂടിക്കാഴ്ചയില്‍ നിര്‍ണായകമായത്.

കൊളറാഡോയിലെ ഡുറാന്‍ഗോയിലെ അനിമല്‍ ഷെല്‍റ്റര്‍ അധികൃതരാണ് സരിന്റെ മൈക്രോ ചിപ്പ് കണ്ടെത്തിയത്. ഓഗസ്റ്റ് 29നാണ് സരിന്റെ വീട്ടിലേക്കുള്ള വഴി തെളിയുന്നത്. പൂച്ചയില്‍ നിന്ന് ലഭിച്ച മൈക്രോ ചിപ്പ് നിന്ന് ലഭിച്ച വിലാസം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്നായതിനാല്‍ അപ്ഡേഷന്‍ നടക്കാത്ത ചിപ്പായിരിക്കും എന്നായിരുന്നു ഷെല്‍റ്ററിലെ ജീവനക്കാര്‍ തുടക്കത്തില്‍ കരുതിയത്. എന്നാല്‍ ഉടമകളെ കണ്ടെത്താനുള്ള അവസാന ശ്രമമെന്ന രീതിയില്‍ ഈ വിലാസത്തില്‍ ബന്ധപ്പെട്ട ജീവനക്കാരാണ് അമ്പരന്നത്.

ജെനി ഓവന്‍സ് എന്ന വീട്ടുകാരി കാണാതായ പൂച്ചയേക്കുറിച്ചുള്ള സകല പ്രതീക്ഷകളും ഉപേക്ഷിച്ച സമയത്താണ് ഷെല്‍ട്ടര്‍ ജീവനക്കാരുടെ അന്വേഷണം. പൂച്ച മരിച്ചെന്ന് കരുതി ദുഖാചരണം വരെ നടത്തിയ സമയത്താണ് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് സരിനെ കണ്ടെത്തിയ വിവരം കിട്ടുന്നത്. ഇതോടെ വീട്ടുകാരും ത്രില്ലിലായി. 5 വയസ് പ്രായമാണ് സരിനുള്ളത്. അമേരിക്കന്‍ എയര്‍ലൈന്‍സാണ് സരിനെ തിരികെ വീട്ടിലെത്തിക്കാന്‍ വഴിയൊരുക്കിയത്. സൌജന്യമായാണ് പൂച്ചയെ വിമാനക്കമ്പനി വീട്ടിലെത്തിച്ച് നല്‍കിയത്.

എന്നാല്‍ ഇത്രയും ദൂരം പൂച്ച എങ്ങനെ തനിയെ സഞ്ചരിച്ചുവെന്നതിലാണ് വീട്ടുകാര്‍ക്ക് സംശയം മാറാത്തത്. ചിലപ്പോള്‍ പല പല വണ്ടികളില്‍ കയറിയും അല്ലെങ്കില്‍ ആരെങ്കിലും പിടിച്ചു കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ടതാവും എന്ന നിരീക്ഷണത്തിലാണ് സരിന്റെ വീട്ടുകാരുള്ളത്. എന്തായാലും വ്യാഴാഴ്ചയാണ് സരിന്‍ തിരികെ വീട്ടിലെത്തിയത്. ഓമനപ്പൂച്ചയുടെ തിരിച്ച് വരവ് വലിയ പരിപാടികളോടെയാണ് ഓവന്‍സ് കുടുംബം ആഘോഷിച്ചത്. ഓമന മൃഗങ്ങളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കിലും വിവരം നല്‍കാന്‍ മൈക്രോ ചിപ്പ് സഹായിക്കുമെന്നതിന് ഉദാഹരണമായാണ് സരിന്റെ തിരിച്ച് വരവ് ഓവന്‍സ് കുടുംബം ആഘോഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം