ഗൂഗിൾ പിക്സൽ 10എ (Google Pixel 10a) ഫോണ്‍ ഇന്ത്യയിൽ അവതരിപ്പിച്ചു. 49,999 രൂപ വിലയുള്ള ഫോണിന്റെ വിൽപ്പന മാർച്ച് 6-ന് ആരംഭിക്കും. പ്രീമിയം എഐ അനുഭവം ലക്ഷ്യമിടുന്ന ഈ മോഡലിന് ടെൻസർ ജി4 പ്രൊസസർ, 48എംപി ഡ്യുവൽ ക്യാമറ, 5100 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.
ദില്ലി: ഗൂഗിൾ ഇന്ത്യയിൽ തങ്ങളുടെ പുതിയ സ്‍മാർട്ട്‌ഫോൺ ആയ ഗൂഗിൾ പിക്സൽ 10എ ഔദ്യോഗികമായി പുറത്തിറക്കി. പിക്സൽ 10 സീരീസിലെ ഏറ്റവും പുതിയ അംഗമായ ഈ മോഡൽ, ഫ്ലാഗ്ഷിപ്പ് വിലയിൽ അല്ലാതെ പ്രീമിയം ഗൂഗിൾ എഐ അനുഭവം കൂടുതൽ ഉപയോക്താക്കൾക്ക് എത്തിക്കാനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. എ-സീരീസിലെ ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും ദൈർഘ്യമേറിയ ബാറ്ററിയും കൂടുതൽ ദൃഢതയും ഉള്ള ഫോണാണ് ഇതെന്നും കമ്പനി വ്യക്തമാക്കി. 49,999 രൂപയാണ് ഇന്ത്യയിൽ ഗൂഗിൾ പിക്സൽ 10എയുടെ വില. മുൻഗാമിയായ മോഡലിന്‍റെ പ്രാരംഭ വിലയ്‌ക്ക് സമാനമാണിത്. പിക്‌സൽ 10എ ഫോണിന്‍റെ പ്രീ-ഓർഡർ ഇതിനകം ആരംഭിച്ചു. മാർച്ച് 6 മുതൽ ഔദ്യോഗിക വിൽപ്പന ആരംഭിക്കും. ലാവെൻഡർ, ഒബ്‌സിഡിയൻ, ഫോഗ്, ബെറി എന്നീ നാല് നിറങ്ങളിൽ പിക്‌സൽ 10എ ഇന്ത്യയില്‍ ലഭ്യമാകും.
ഗൂഗിള്‍ പിക്‌സൽ 10എ ഫീച്ചറുകള്‍ വിശദമായി
ഇന്ത്യയിൽ പിക്സൽ 10 സീരീസ് താങ്ങാനാവുന്ന വിലയിൽ നൽകാൻ 2025 ഡിസംബറിൽ ഗൂഗിൾ അവതരിപ്പിച്ച പദ്ധതിയായ ഗൂഗിൾ പിക്സൽ അപ്‌ഗ്രേഡ് പ്രോഗ്രാമിന്‍റെ ഭാഗമാണ് പിക്സൽ 10എ എന്നും ഗൂഗിൾ പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് സീറോ ഡൗൺ പേയ്മെന്‍റും സീറോ പലിശയുമുള്ള ഇഎംഐ സംവിധാനത്തിലൂടെ ഫോൺ സ്വന്തമാക്കാം. ഒമ്പത് ഇഎംഐ തുകകൾ അടച്ചതിന് ശേഷം, പഴയ ഫോൺ പുതിയ പിക്സൽ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
അതേസമയം, പുതിയ ഗൂഗിൾ പിക്സൽ 10എയുടെ സവിശേഷതകൾ പരിശോധിച്ചാൽ ഗോറില്ല ഗ്ലാസ് 7i സംരക്ഷണവും ഐപി68 വെള്ള-പൊടി പ്രതിരോധ ശേഷിയും ഈ ഫോണിന് നൽകിയിട്ടുണ്ട്. 100 ശതമാനം റീസൈകിൾഡ് അലുമിനിയം ഫ്രെയിമും കോബാൾട്ട്, കോപ്പർ, ഗോൾഡ് പോലുള്ള പുനരുപയോഗ ലോഹങ്ങളും ഉപയോഗിച്ചാണ് നിർമ്മാണം. 6.3 ഇഞ്ച് അക്‌റ്റ്വ ഡിസ്പ്ലേയോടുകൂടിയ ഈ ഫോണിന് 3000 നിറ്റ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭ്യമാണ്. ശക്തമായ സൂര്യപ്രകാശത്തിലും വ്യക്തമായി കാണാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഗൂഗിൾ ടെൻസർ ജി4 പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. ഇതേ ചിപ്പ് പിക്സൽ 9, പിക്സൽ 9 പ്രോ എന്നിവയിലും ഉപയോഗിച്ചിട്ടുണ്ട്.
പിക്‌സൽ 10എ ക്യാമറ സവിശേഷതകള്‍
48എംപി പ്രധാന ക്യാമറയും 13എംപി അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. ക്യാമറ കോച്ച്, ഓട്ടോ ബെസ്റ്റ് ടേക്ക് തുടങ്ങിയ എഐ ഫീച്ചറുകൾ ഫോട്ടോഗ്രഫിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു. 5,100 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ഒരിക്കൽ ചാർജ് ചെയ്താൽ 30 മണിക്കൂറിൽ അധികം ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. 30 വാട്‌സ് വയർഡ്, 10 വാട്‌സ് വയർലെസ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. കൂടാതെ ഏഴ് വർഷത്തേക്ക് സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ ഉറപ്പുനൽകുന്നു എന്നതും പ്രധാന ആകർഷണമാണ്.


