രണ്ട് നിറങ്ങളില്‍ ഇന്ത്യയിലെത്തിയ ഗൂഗിള്‍ പിക്സല്‍ 9എയുടെ വില 49,999 രൂപയിലാണ് (8 ജിബി+128 ജിബി) ആരംഭിക്കുന്നത്

ദില്ലി: പിക്‌സല്‍ സീരീസില്‍പ്പെട്ട ഗൂഗിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി. ഗൂഗിള്‍ പിക്സല്‍ 9എ എന്നാണ് ഈ മോഡലിന്‍റെ പേര്. ഇന്‍-ഹൗസ് ടെന്‍സര്‍ ജി4 ചിപ്‌സെറ്റുമായി വരുന്ന ഫോണിന്‍റെ വില 49,999 രൂപയിലാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. 

ഗൂഗിളിന്‍റെ അഫോര്‍ഡബിള്‍ ഫ്ലാഗ്‌ഷിപ്പ് എന്ന വിശേഷണമുള്ള ഗൂഗിള്‍ പിക്‌സല്‍ 9എ പുതിയ ഫീച്ചറുകളോടെയും അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സ്പെസിഫിക്കേഷനുകളോടെയുമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സിഗ്നേച്ചര്‍ ക്യാമറ ബാറില്‍ മാറ്റം വരുത്തി ഡിസൈന്‍ വ്യത്യാസവുമുണ്ട്. ഗൂഗിളിന്‍റെ ടെന്‍സര്‍ ജി4 ചിപ്പും ടൈറ്റന്‍ എം2 സെക്യൂരിറ്റി ചിപ്പുമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് 6.3 ഇഞ്ച് അക്‌ട്വ pOLED ഡിസ്പ്ലെ 120Hz റിഫ്രഷ് റേറ്റും 2700 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും നല്‍കുന്നു. അതായത് മുന്‍ഗാമിയായ പിക്‌സല്‍ 8എയേക്കാള്‍ 35 ശതമാനമാണ് ഈ ബ്രൈറ്റ്‌നസ്. 

ജെമിനി എഐ, സര്‍ക്കിള്‍ ടു സെര്‍ച്ച്, മാജിക്കല്‍ ഇറേസര്‍, ഓഡിയോ മാജിക് ഇറേസ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ ഗൂഗിള്‍ പിക്‌സല്‍ 9എയിലുണ്ട്. പ്രധാന ക്യാമറ 48 മെഗാപിക്സലിന്‍റെതാണ്. 13 എംപി അള്‍ട്രാ വൈഡ് ലെന്‍ഡും റീയര്‍ പാനലില്‍ ഉള്‍പ്പെടുന്നു. 13 എംപിയുടെത് തന്നെയാണ് സെല്‍ഫി ക്യാമറ. 5,100 എംഎഎച്ച് ബാറ്ററി കരുത്തും 33 വാട്സ് വയേര്‍ഡ് ചാര്‍ജിംഗുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 15 പ്ലാറ്റ്‌ഫോമില്‍ വരുന്ന ഫോണില്‍ 7 വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും പിക്സല്‍ ഡ്രോപ്‌സും ഗൂഗിള്‍ ഉറപ്പുനല്‍കുന്നു. 

രണ്ട് നിറങ്ങളിലാണ് ഗൂഗിള്‍ പിക്സല്‍ 9എ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 49,999 രൂപയാണ് 8 ജിബി+128 ജിബി അടിസ്ഥാന സ്റ്റോറേജ് മോഡലിന് വില. 8 ജിബി +256 ജിബി മോഡലിന് 56,999 രൂപയാണ് വില. വില്‍പനയുടെ ആരംഭത്തിലെ ഓഫര്‍ എന്ന നിലയില്‍ ഗൂഗിള്‍ 3,000 രൂപ ക്യാഷ്‌ബാക്കും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും തെരഞ്ഞെടുക്കപ്പെട്ട ബാങ്കിംഗ് പാര്‍ട്‌ണര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിലൂടെ 2025 ഏപ്രില്‍ മുതല്‍ ഗൂഗിള്‍ പിക്സല്‍ 9എ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം. 

Read more: മൂന്ന് വേരിയന്‍റ്, 6000 എംഎഎച്ച് ബാറ്ററി കരുത്ത്; മികച്ച ഫീച്ചറുകളോടെ റിയല്‍മി പി3 അള്‍ട്ര ഇന്ത്യയില്‍, വില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം