ഹോണർ തങ്ങളുടെ 600 സീരീസിലെ പുതിയ മോഡലായ ഹോണർ 600 സ്മാർട്ട് 5ജി ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 7,700mAh എന്ന അതിശക്തമായ ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം, ഇത് 93 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.  

സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ മോഡലുമായി ഹോണർ എത്തുന്നു. കമ്പനിയുടെ 600 സീരീസിലെ പുതിയ മോഡലായ ഹോണർ 600 സ്മാർട്ട് 5ജി ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ഫ്രാൻസിലെ ഹോണറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഹാൻഡ്‌സെറ്റ് 'കമിംഗ് സൂൺ' എന്ന ടാഗോടെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഒരു ടെലികോം റീട്ടെയിലർ വെബ്സൈറ്റിൽ ഫോണിന്റെ വിലയും പ്രധാന സവിശേഷതകളും മുൻകൂട്ടി പുറത്തുവന്നിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹോണർ 600 സ്മാർട്ട് 5ജി 7,700mAh ശേഷിയുള്ള വമ്പൻ ബാറ്ററിയോടെയായിരിക്കും എത്തുക എന്നാണ് റിപ്പോർട്ടുകൾ. 45W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഫോണിനുണ്ടാകും. ഒരു തവണ പൂർണമായി ചാർജ് ചെയ്താൽ 93 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, 28 മണിക്കൂർ വരെ തുടർച്ചയായി വീഡിയോ സ്ട്രീമിംഗ് നടത്താനും സാധിക്കുമെന്ന് വ്യക്തമാക്കുന്നു.

ഫോണിൽ 6.87 ഇഞ്ച് വലുപ്പമുള്ള HD+ LCD ഡിസ്പ്ലേ ആണുള്ളത്. 1,592×720 പിക്‌സൽ റെസലൂഷനും 1,020 നിറ്റ്സ് വരെ തെളിച്ചവും ലഭിക്കും. പ്രോസസറായി ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്പ്സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 4GB റാമും 128 ജിബി സ്റ്റോറേജും ലഭ്യമാകും. ഹോണറിന്റെ RAM ടർബോ സാങ്കേതികവിദ്യയുടെ സഹായത്തോടെ റാം ശേഷി 12 ജിബി വരെ വികസിപ്പിക്കാൻ സാധിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്‌സൽ പ്രധാന സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP64 റേറ്റിംഗും ഫോണിനുണ്ട്. SGS പ്രീമിയം ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ലഭിക്കുന്നതിനാൽ ദൈനംദിന ഉപയോഗത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഹോണർ 600 സ്മാർട്ട് 5ജി കറുപ്പും വെള്ളയും നിറങ്ങളിലാണ് അവതരിപ്പിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‍ഠിത സേവനങ്ങൾ വേഗത്തിൽ ഉപയോഗിക്കാൻ പ്രത്യേക എഐ ബട്ടണും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച ശബ്ദാനുഭവത്തിനായി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഫ്രാൻസിലെ ടെലികോം ഓപ്പറേറ്ററായ SFR-ന്റെ ലിസ്റ്റിംഗ് പ്രകാരം, 4GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 219 യൂറോയാണ് വില. ഇത് ഇന്ത്യൻ രൂപയിൽ ഏകദേശം 23,000 രൂപയോളം വരും. ഹോണർ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും പുതിയ സ്‍മാർട്ട്ഫോൺ വളരെ വേഗം വിപണിയിൽ എത്തുമെന്നാണ് ടെക്ക് ലോകം പ്രതീക്ഷിക്കുന്നത്.