Asianet News MalayalamAsianet News Malayalam

ചൈനീസ് ബ്രാന്‍ഡ് ബഹിഷ്കരണം; പുതിയ മുഖവുമായി കളത്തിലിറങ്ങി ലാവയും

ചൈനീസ് ബ്രാന്‍ഡുകള്‍ക്കെതിരെ തിരിച്ചടി നേരിടുന്ന ഒരു സമയത്ത് വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്നതിനായി ലാവ മൊബൈല്‍സ് അടുത്ത മാസം രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും.

indian brand lava launching new models
Author
Delhi, First Published Jun 21, 2020, 3:44 PM IST

ദില്ലി: ചൈനീസ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് നേട്ടം കൊയ്യാന്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ രംഗത്തേക്ക്. മൈക്രോമാക്‌സിനു തൊട്ടു പിന്നാലെ പുതിയ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത് ലാവ കമ്പനിയാണ്. ഷവോമി ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികളുടെ കുത്തൊഴുക്കില്‍ താഴേയ്ക്കു പോയ കമ്പനികളിലൊന്നാണ് ലാവ.

ജൂലൈയില്‍ ഇന്ത്യയില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാനാണ് ലാവ മൊബൈല്‍സ് ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ അവസാന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയതു മുതല്‍ കമ്പനി നിശബ്‍ദത പാലിച്ചുവെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറുകയാണ് കമ്പനിയുടെ ലക്ഷ്യം.

ചൈനീസ് ബ്രാന്‍ഡുകള്‍ക്കെതിരെ തിരിച്ചടി നേരിടുന്ന ഒരു സമയത്ത് വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്നതിനായി ലാവ മൊബൈല്‍സ് അടുത്ത മാസം രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കും. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ ബജറ്റ് ഫോണുകള്‍ക്കു പുറമേ പ്രീമിയം ഫോണുകള്‍ക്കായും ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ലിസ്റ്റിങ് പ്ലാറ്റ്‌ഫോമിലെ സ്മാര്‍ട്ട്‌ഫോണിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നത് ലാവ ഇസഡ് 66 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നുവെന്നാണ്.

പ്രോസസര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലാവ ഇസഡ്66 നെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങളും ലിസ്റ്റിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്.  ഇത് ആന്‍ഡ്രോയിഡ് 10 ല്‍ പ്രവര്‍ത്തിക്കും. ലാവയുടെ മുമ്പത്തെ ഓഫറുകള്‍ക്ക് ഒരു ഡെഡിക്കേറ്റഡ് ഇന്റര്‍ഫേസ് ഇല്ലായിരുന്നുവെങ്കിലും ബ്ലോട്ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ നിറഞ്ഞതായിരുന്നു.

സ്മാര്‍ട്ട്‌ഫോണില്‍ മൂന്ന് ജിബി റാമും ഉണ്ടായിരിക്കും. ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തിടെ നടന്ന ഗാല്‍വാന്‍ ഏറ്റുമുട്ടലിന് ആക്കം കൂട്ടിയ ചൈനീസ് വിരുദ്ധ വികാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുഴങ്ങുന്ന സമയത്താണ് ലാവയുടെ പ്രഖ്യാപനം. ചൈനയില്‍ നിന്നുള്ള ടെക് ബ്രാന്‍ഡുകളുടെ സ്വാധീനത്തെ ബാധിക്കുന്ന ഒരു ബഹുജന ബഹിഷ്‌കരണ പ്രസ്ഥാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. ഈ ആവേശം മുതലാക്കാനാണ് ലാവയുടെ ശ്രമം.

Follow Us:
Download App:
  • android
  • ios